മോദിയുടെ കൈ പിടിച്ച് പീറ്റർ പറഞ്ഞു: ‘ഹാപ്പി ബർത്ത് ഡേ’; ഈ കുമ്പളങ്ങിക്കാരൻ കേരളത്തിന്റെ ‘വള്ളത്തിലാശാന്’
Mail This Article
പ്രധാനമന്ത്രിയുടെ കരം ഗ്രഹിച്ചപ്പോൾ ഇങ്ങനെ പറയാനാണ് കുമ്പളങ്ങിക്കാരൻ കെ.വി. പീറ്ററിന് തോന്നിയത്. ‘‘ഹാപ്പി ബർത്ത് ഡേ’’. അതു കേട്ട് നരേന്ദ്ര മോദി ചിരിച്ചു. തുടർന്ന് ഇങ്ങനെ ചോദിച്ചു. ‘‘എവിടെനിന്നു വരുന്നു’’. മോദിക്ക് ആശംസ അർപ്പിച്ച ഈ കുമ്പളങ്ങിക്കാരൻ ഒരു വള്ളംപണിക്കാരനാണ്. പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ പീറ്ററിന് അവസരം നൽകിയത് പാരമ്പര്യമാണ്. കൊച്ചുവള്ളം നിർമാണത്തിലെ പാരമ്പര്യം. തന്റെ ജന്മദിനത്തിലാണ് ഇക്കുറി മോദി വിശ്വകർമ പുരസ്കാരം വിതരണം ചെയ്തത്. വള്ളംനിർമാണത്തിലൂടെ വിശ്വകർമ പുരസ്കാരത്തിന് അർഹരായവരിൽ പീറ്ററുമുണ്ടായിരുന്നു. പരമ്പരാഗത രീതിയിൽ കൊച്ചുവള്ളങ്ങളുണ്ടാക്കുന്ന കുമ്പളങ്ങിയിലെ ശിൽപിയായ കെ.വി. പീറ്ററിനാണ് ഇക്കുറി പുരസ്കാരം. പരമ്പരാഗത തൊഴിൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കു നൽകുന്ന വിശ്വകർമ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഏറ്റു വാങ്ങിയ ആ നിമിഷം മറക്കില്ലെന്നു പറയുന്നു പീറ്റർ. കൈയിൽ കിട്ടിയ തടിക്കഷ്ണത്തിൽ നിന്ന് മനക്കണക്കിന്റെ അളവുകോലിൽ, ഏതൊഴുക്കിനെയും നേരിടുന്ന വള്ളം നിർമിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തനിമ ആ നിമിഷം വാനോളം ഉയർന്നു. വേമ്പനാട്ടു കായലിലും കൈവഴികളിലും പൊഴികളിലും കാലങ്ങളായി ഓടിയെത്തുന്നതാണ് പീറ്ററിന്റെ വള്ളങ്ങൾ. ആ പീറ്ററെ പരിചയപ്പെടാം. കൂടാതെ പീറ്ററിന്റെ കൈക്കരുത്തായ വള്ളം നിർമാണ പാരമ്പര്യം എന്താണെന്നും മനസ്സിലാക്കാം.