മണ്ണിലെ ഉപ്പുമാറ്റിയ നാഗരാജാവ്, നിലവറയിൽ ചിരഞ്ജീവിയായ അനന്തൻ; ഖാണ്ഡവ ദഹനത്തിലും തീ തൊടാത്ത ഭൂമി! ‘മണ്ണ് ആറിയ ശാല’
Mail This Article
ത്രേതായുഗത്തിൽ ക്ഷത്രിയനിഗ്രഹത്തിന്റെ പാപപരിഹാരാർഥം പരശുരാമൻ സൃഷ്ടിച്ച ഭൂമി ബ്രാഹ്മണർക്ക് ദാനം ചെയ്തു എന്നാണ് വിശ്വാസം. ഇത് കടലിൽനിന്ന് വീണ്ടെടുത്ത ഭൂമിയായതിനാൽ ലവണാംശം കൂടുതലുള്ള മണ്ണിന് ഫലപുഷ്ടി ഇല്ലായിരുന്നു. മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതിനാൽ ആളുകൾ അവിടെനിന്ന് തിരിച്ചുപോവാൻ തുടങ്ങി. ഇതിന് പരിഹാരം തേടി പരശുരാമൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. സർപ്പങ്ങളുടെ ആവാസം ഉണ്ടെങ്കിലേ മണ്ണിന് ഫലപുഷ്ടി വരുത്താൻ കഴിയൂ എന്ന് ശിവൻ അരുളിച്ചെയ്തത് പ്രകാരം പരശുരാമൻ തപസ്സ് ചെയ്ത് നാഗരാജാവിനെ പ്രത്യക്ഷപ്പെടുത്തി. നാഗരാജാവിന്റെ നിത്യസാന്നിധ്യം ഇവിടെ ഉണ്ടാവണമെന്ന പരശുരാമന്റെ ആവശ്യം നാഗരാജാവ് സ്വീകരിച്ചു. നാഗരാജാവിനെയും പത്നിമാരായ സർപ്പയക്ഷി, നാഗയക്ഷി എന്നിവരെയും സഹോദരിയായ നാഗചാമുണ്ഡിയെയും പരശുരാമൻ മണ്ണാറശാലയി പ്രതിഷ്ഠിച്ചു. ഇവിടുത്തെ മണ്ണിലെ ലവണാംശം ഇല്ലാതാക്കി അതിനെ ഫലഭൂയിഷ്ഠമാക്കിയത് സർപ്പവിഷംകൊണ്ടാണ് എന്നു കരുതപ്പെടുന്നു. കേരളത്തിലെ മനുഷ്യവാസമുള്ള സ്ഥലങ്ങളുടെ നിശ്ചിതഭാഗം സർപ്പാരാധനയ്ക്കു വേണ്ടി കാവുകളായി സംരക്ഷിക്കണമെന്ന് നാഗരാജാവ് നിർദേശിച്ചു.