‘സത്യം പറഞ്ഞോ, നീ അല്ലേ ആ കിരാത യക്ഷി’; രാത്രികളിൽ ‘ഡ്രാക്കുള’യും വന്നിരുന്ന ആ കാലം
Mail This Article
ശിശു അല്ലാതായി മാറി വർഷങ്ങളായെങ്കിലും ശിശുദിനം എന്നു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ വല്ലാത്ത സുഖമുള്ള ഓർമകളുടെ ഒരു തിരയിളക്കം. ഓരോ ദിവസം ഓരോന്ന് എന്ന ക്രമത്തിൽ കലണ്ടറിൽ കാണുന്ന മറ്റനേകം ദിനങ്ങൾക്കിടയിൽ ഒന്നു മാത്രം എന്ന രീതിയിൽ ശിശുദിനവും മാറിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. പക്ഷേ ഞങ്ങളുടെ തലമുറയിൽ ശിശുദിനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. ശിശുദിനത്തിനു കിട്ടുന്ന സ്റ്റാംപ് ആയിരുന്നു അന്ന് പ്രധാന ആകർഷണം. സ്റ്റാംപ് കലക്‌ഷൻ ഒരു ഹരമായി കൊണ്ടുനടക്കുന്നവർക്കു പ്രത്യേകിച്ച്. പിന്നെ വൈകിട്ട് നടക്കുന്ന ശിശുദിന റാലി. അതിൽ പങ്കെടുക്കാൻ കെഎസ്ആർടിസി അനുവദിച്ച സ്‌പെഷൽ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും ചാച്ചാ നെഹ്‌റു സിന്ദാബാദ് എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടുള്ള ഞങ്ങളുടെ പോക്കും വരവും. അവിടെ കിട്ടുന്ന പ്രത്യേക രുചിയുള്ള റോസ് മിൽക്ക്. അങ്ങനെയങ്ങനെ എന്തെല്ലാം ഓർമകൾ... വിഷയം കുട്ടികൾക്കിടയിലെ വായന ആണല്ലോ. ഇപ്പോൾ വായനയെ ഓർമിപ്പിക്കാൻ ഒരു വായനാദിനവും ഉണ്ട്. പക്ഷേ, ഞങ്ങളുടെ കുട്ടിക്കാലത്ത് എന്നും വായനാദിനം ആയിരുന്നു, ആർത്തി ആയിരുന്നു പുതിയ പുസ്തകങ്ങൾ കയ്യിൽ കിട്ടാൻ. ഓഫിസിൽനിന്ന് അച്ഛൻ വരുമ്പോൾ കയ്യിൽ കാണാറുള്ള ബാലരമ, അമ്പിളി അമ്മാവൻ, പൂമ്പാറ്റ ഒക്കെ നിവർത്തി ആ മണം ആസ്വദിച്ച് പടങ്ങൾ നോക്കി ആരും കാണാതെ ഒരു മൂലയിലെ കസേരയിൽ, കഴിക്കാൻ എന്തെങ്കിലും എടുത്തുകൊണ്ട് ചുരുണ്ടു കൂടി ഒരിരിപ്പാണ്, ആഹാരം കഴിക്കാൻ വിളിക്കുന്നതു പോലും പലപ്പോഴും അറിയാറില്ല.