ഈ ഗ്രാമത്തിലെ ‘കിളിക്കൂട്ടിൽ’ നിറയെ പുസ്തകങ്ങൾ; വായിച്ചു വളരുന്ന പെരുംകുളം; വരൂ, ‘സൊറ വരമ്പി’ൽ കഥ പറഞ്ഞിരിക്കാം...
Mail This Article
2021 ജൂണ്‍ 19, വായനാദിനം. അക്ഷര സ്നേഹികളും പുസ്തക പ്രേമികളും സമുചിതമായി കൊണ്ടാടുന്ന അന്നത്തെ വായനാ ദിനത്തില്‍ കൊട്ടാരക്കര താലൂക്കിലെ പെരുംകുളം എന്ന കൊച്ചുഗ്രാമം ഒന്നാകെ ഗ്രാമത്തിലെ ബാപ്പുജി സ്മാരക വായനശാലയ്ക്കു മുന്നില്‍ ഉദ്വേഗത്തോടെ കാത്തിരിക്കുകയായിരുന്നു. വായനശാലയില്‍ സജ്ജീകരിച്ച വലിയ സ്ക്രീനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം തെളിഞ്ഞു, വാക്കുകള്‍ മുഴങ്ങി.. ‘‘കൊല്ലം ജില്ലയിലെ പെരുംകുളം ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ബാപ്പുജി സ്മാരക വായനശാലയുടെ പ്രവർത്തനം കണക്കിലെടുത്ത് പെരുംകുളത്തെ സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കുന്നു....’’ മുഖ്യമന്ത്രിയുടെ അവസാനത്തെ വാചകം നാടിന്റെ കരഘോഷത്തില്‍ മുങ്ങിപ്പോയി. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും പുസ്തക ഗ്രാമത്തിന്റെ പിറവി അങ്ങനെയായിരുന്നു. രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പുസ്തക ഗ്രാമം ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. സഞ്ചാരികളും ട്രാവല്‍ വ്ലോഗര്‍മാരും ഈ നാട് തേടിയെത്തുന്നു. അവര്‍ക്ക് സ്വാഗതമോതാന്‍ ഗ്രാമം മത്സരിക്കുന്നു. വായന എങ്ങനെയാണ് പെരുംകുളത്തിന്റെ ജീവനായതെന്നറിയണ്ടേ?