വിശുദ്ധിക്കും ഭീതിക്കുമിടയിൽ മനുഷ്യന്‍ എന്ന നിഗൂഢജന്തു; ‘അരുള്‍’ എന്ന മായിക രചനയുടെ പൊരുള്‍
Mail This Article
അരുള്‍ എന്ന ചെറിയ പേരിനു കടലോളം കൃപയെന്ന വിശാലമായ അർത്ഥമുണ്ട്. കൃപാസാഗരം. ദയാനിധികള്‍ക്കു ചേരുന്ന നാമം. ജ്യോതിഷ പണ്ഡിതന്മാരുടെ കണക്കുകൂട്ടലില്‍ ഈ നാമധാരികള്‍ സര്‍ഗശേഷിയുള്ളവരും ഉറച്ച മനസ്സുള്ളവരും ചെയ്യുന്ന പ്രവൃത്തികളിലെല്ലാം വിജയംവരിക്കുന്നവരുമാണ്. എപ്പോഴും സന്തോഷത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. എന്നാല്‍ സി.വി.ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലായ അരുളിന്റെ പൊരുള്‍ മറ്റൊന്നാണ്. നോവലിലെ കഥാനായകനായ അരുള്‍ സ്വാമി എന്ന വിചിത്ര മനുഷ്യന്‍ ഇരുള്‍ പോലെ ഭയം ജനിപ്പിക്കുന്നവനാണെന്നു വായിച്ചുതുടങ്ങുമ്പോഴേ ബോധ്യപ്പെടും. ‘ഇ’ എന്ന രണ്ടാം സ്വരാക്ഷരത്തിനു പകരം ആദ്യക്ഷരമായ ‘അ’ ചേര്‍ത്ത് ഒരു ഭീകരനെ സൃഷ്ടിക്കുകയെന്നത് അക്ഷരവിനിയോഗത്തിന്റെ ഇന്ദ്രജാലം. അര്‍ഥങ്ങളുടെ കുഴമറച്ചില്‍. പുറമേയ്ക്കുള്ള തെളിമ കാട്ടി അകമേയുള്ള യാഥാര്‍ഥ്യത്തിന്റെ സര്‍പ്പസാന്നിധ്യം അനുഭവിപ്പിക്കുന്ന അസാമാന്യ രചനയാണിത്. അതിനുള്ള ചേരുവകളെല്ലാം കഥയുടെ പേരു മുതല്‍ കഥാന്ത്യം വരെ ചേരുംപടിയുണ്ട്.