ദിവസവും 42 ലീറ്റർ പാൽ, 22–ാം നമ്പറുകാരി 3 നേരം കറക്കാവുന്ന കാമധേനു, ഇവർ ശ്രീധരീയത്തിലെ 'ഗോ'ശ്രീകള്‍
Mail This Article
ആയുർവേദ ചികിത്സയിൽ മാത്രമല്ല ക്ഷീരമേഖലയിലും മികച്ച പ്രവർത്തനപാര്യമ്പര്യമുണ്ട് കൂത്താട്ടുകുളം ആസ്ഥാനമായുള്ള ശ്രീധരീയം ഗ്രൂപ്പിന്. മികച്ച പാലുൽപാദനമുള്ള പശുക്കളെ പരിപാലിക്കുന്നുവെന്ന് മാത്രമല്ല മികച്ച സംരക്ഷണവും ഒരുക്കാൻ ശ്രീധരീയം ഗ്രൂപ്പിന്റെ നെല്ലിക്കാട്ടു മനയിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു. 1999ൽ പ്രവർത്തനമാരംഭിച്ച ശ്രീധരീയം ആയുർവേദ കണ്ണാശുപത്രിയുടെ ഭാഗമായാണ് ശ്രീധരീയം ഡെയറിയും ആരംഭിച്ചത്. തുടക്കകാലത്ത് ആശുപത്രിയിലേക്കും മരുന്നുകൾക്കുമൊക്കെയായി പാൽ പുറത്തുനിന്ന് വാങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് സ്വന്തം കന്നുകാലിഫാം ആരംഭിച്ചത്. ഇരുപതോളം പശുക്കളെ കൊണ്ടുവന്നായിരുന്നു തുടക്കമെന്ന് ശ്രീധരീയം ഗ്രൂപ്പിന്റെ ഭാഗമായ ജയശ്രീ പി. നമ്പൂതിരി പറഞ്ഞു. തൊഴിലാളികളായിരുന്നു ഫാമിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. അതിന്റെ പോരായ്മയായി പശുക്കൾക്ക് മിക്കപ്പോഴും അസുഖങ്ങളായിരുന്നു. എന്നാൽ, ഏതാനും നാളുകളായി ഫാമിന്റെ പ്രവർത്തനവും പാലുൽപാദനവും പശുക്കളുടെ ആരോഗ്യവുമെല്ലാം മികച്ചതാണെന്ന് ജയശ്രീ നമ്പൂതിരി പറയുന്നു. അതിന് ചില കാരണങ്ങളുണ്ട്. പശുക്കളുടെ പരിപാലനത്തിലും തീറ്റയിലും കറവയിലുമെല്ലാം വരുത്തിയ ചില മാറ്റങ്ങൾ ഫാമിലെ വെറ്റ് ആവറേജ് പാലുൽപാദനം 8 ലീറ്ററിൽനിന്ന് 18ലേക്ക് ഉയർത്തി.