ആർക്കുമറിയാത്ത രഹസ്യം: ആ രാത്രി രാജ്ഞി ആശുപത്രിയിൽ പോയതെന്തിന്? കൊട്ടാരം കാമിലയുടെ നിയന്ത്രണത്തില്‍?
Mail This Article
ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നായിരുന്നു അത്; ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു രാത്രി ആശുപത്രിയിൽ കഴിഞ്ഞു. 2021 ഒക്ടോബർ 20നായിരുന്നു രാജ്ഞിയുടെ ആശുപത്രിവാസം. ഇക്കാര്യം പുറംലോകമറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞും. എന്തായിരുന്നു രാജ്ഞിക്ക് അസുഖം? അക്കാര്യം പക്ഷേ, രാജകുടുംബം പുറത്തുവിട്ടില്ല. മറ്റു വിവരങ്ങൾ പോലെ അതും നൂറു കൊല്ലത്തേക്ക് മുദ്ര വയ്ക്കപ്പെട്ട് സൂക്ഷിക്കപ്പെടും. പക്ഷേ എലിസബത്ത് രാജ്ഞിക്ക് മജ്ജയിൽ കാൻസറായിരുന്നുവെന്ന വിവരങ്ങൾ അവരുടെ മരണ ശേഷം പുറത്തുവന്നു. അതിന്റെ ഭാഗമായിട്ടായിരുന്നത്രേ കൊട്ടാരം വിട്ട് ആദ്യമായി അവർക്ക് ഒരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്. രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പിന്റെയും സുഹൃത്ത് കൂടിയ ഗൈൽസ് ബ്രാൻഡ്രെത്ത് എഴുതിയ ‘എലിസബത്ത്: ആൻ ഇന്റിമേറ്റ് പോർട്രെയ്റ്റ്’ എന്ന പുസ്തകത്തിലായിരുന്നു കാൻസറിനെപ്പറ്റി വിശദീകരിച്ചത്. കൊട്ടാരത്തിനകത്തെ ‘സംസാരങ്ങളിൽ’ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മജ്ജയിലെ കാൻസറിന്റെ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു 2021 ഒക്ടോബറിലെ ആശുപത്രി സന്ദർശനം എന്ന വാർത്തയ്ക്കും അതോടെ ഏറെ പ്രചാരണം ലഭിച്ചു. പതിവുപോലെ രാജകുടുംബം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.