‘രാത്രി വെള്ള വസ്ത്രം ഇടരുതേ, ആ ആന ആക്രമിക്കും!’ അത് പടയപ്പ ആയിരുന്നോ? മൂന്നാർ ചുട്ടുപൊള്ളുന്നു, ഇവരുടെ ചുടുകണ്ണീരിൽ
Mail This Article
അത് പടയപ്പ ആയിരുന്നോ? മൂന്നാറിൽ അടുത്തിടെ നാട്ടുകാരും വനംവകുപ്പും തമ്മിൽ നടക്കുന്ന തർക്കം ഇതാണ്. വന്യമൃഗശല്യം മൂലം ജനം പൊറുതി മുട്ടുമ്പോൾ സാങ്കേതിക പ്രശ്നങ്ങളാണ് അധികൃതർക്ക് തർക്കം. തങ്ങളെ ആക്രമിച്ചത് പടയപ്പ ആയിരുന്നോ? അറിയില്ല എന്നായിരുന്നു എസക്കി രാജന്റെ മറുപടി. അന്ന് ഓട്ടോറിക്ഷ ആക്രമിച്ചത് പടയപ്പ അല്ല, മറ്റൊരു ആനയാണ് എന്നാണ് വനംവകുപ്പിന്റെ വാദം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന സുരേഷിനെ കൊലപ്പെടുത്തിയ ശേഷം അതേ ആന 2 ദിവസം ചോറ്റുപാറ ഉണ്ടായിരുന്നു എന്നും അതിനു ശേഷം തെന്മല എസ്റ്റേറ്റ് ഭാഗത്തേക്ക് പോയി എന്നും വനംവകുപ്പ് അധികൃതർ പറയുന്നു. അതേ സമയം, തൊഴിലാളികളിൽ വലിയൊരു വിഭാഗം പറയുന്നത് അന്ന് ആക്രമിച്ചത് പടയപ്പ തന്നെയാണ് എന്നാണ്. വനംവകുപ്പ് വാച്ചർമാർ പലരും ഇക്കാര്യം തങ്ങളോട് സമ്മതിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. ആനശല്യത്തിന് അറുതി വരുത്താനല്ല ആനയെ കണ്ടെത്താനാണ് അന്വേഷണം എന്നും പറയാം. ഓട്ടോറിക്ഷ ആക്രമിച്ച് സുരേഷിനെ കൊലപ്പെടുത്തിയതിനു ശേഷം 2 ദിവസത്തിനുള്ളിൽ കടലാറിൽ ഒരു പലചരക്കു കട ആന ആക്രമിച്ചിരുന്നു. തൊഴിലാളികൾ ഇത് പടയപ്പ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. പടയപ്പ ഏതു നിമിഷവും പട്ടണത്തിലെ ഏതു ഭാഗത്തും പ്രത്യക്ഷപ്പെടാം, ഏതു കടയും ആക്രമിക്കാം, അതിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലെന്നും അവർ പറയുന്നു. ഒപ്പം, പട്ടണത്തില്‍ വച്ച് പടയപ്പ ആരെയും ആക്രമിച്ചിട്ടില്ല എന്നു വാദിക്കുന്നവരുമുണ്ട്. ആ ദിവസങ്ങളിൽ തന്നെ ഒരു ട്രാക്ടറും തകർത്തിരുന്നു. അതിലുണ്ടായിരുന്ന നാലു പേർ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപെട്ടത്.