‘ബ്രിഗേഡിയറെ’ പിടികൂടിയത് നാവികസേന; ഒറ്റയടിക്ക് മയക്കിയത് 250 ആനകളെ; ‘കാടുകടത്തിന്റെ’ അറിയാക്കഥകൾ
Mail This Article
രാജഭരണകാലത്തും സാമ്രാജ്യത്വ ഭരണകാലത്തും കുറ്റവാളികളെയും കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്നവരെയും നാടുകടത്തുന്നത് ലോകത്തിന്റെ പലഭാഗത്തും സർവസാധാരണമായി നടന്നിരുന്ന കാര്യമാണ്. വംശവെറിയുടെ പേരിലും സാമുദായിക അസമത്വങ്ങളുടെ അടിസ്ഥാനത്തിലും വർണവിവേചനത്തിന്റെ ഭാഗമായും നാടുകടത്തപ്പെട്ടവരും ഒട്ടേറെ. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഏറെയും ചെന്നുചേർന്ന ഇടങ്ങളിൽ തന്നെ മരണത്തിനും കീഴടങ്ങി. ജീവനോടെ തിരികെ എത്തിയവർ വിരളം. നാടുകടത്തൽ, രൂപത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇത്തരം കടത്തലുകൾ നടക്കുന്നതായാണു മനുഷ്യക്കടത്ത് വിരുദ്ധപ്രവർത്തകർ പറയുന്നത്. മനുഷ്യർ മാത്രമല്ല, ഇത്തരത്തിൽ നാടുകടത്തപ്പെടുന്നത്. വംശവർധന നിയന്ത്രിക്കാനും വൻതോതിലുള്ള അതിക്രമങ്ങൾ നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും ഇത്തരത്തിൽ ‘നാടു’കടത്താറുണ്ട്. പ്രത്യേകിച്ച് ആനകളെയാണ് ഇത്തരത്തിൽ കടത്തുന്നത്. ‘നാടുകടത്തൽ’ എന്നതിന് പകരം ‘കാടുകടത്തൽ’ എന്നുപറയുന്നതാകും കൂടുതൽ ശരി. നിയമത്തിന്റെ തുണയുള്ള കടത്തായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ നടപടി ശാസ്ത്രീയമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു. ഇടുക്കിയിൽ ദിവസങ്ങളോളം ഭീതിവിതച്ച്, നാടിളക്കിനടന്ന അരിക്കൊമ്പനാണ് ഇത്തരത്തിൽ കേരളത്തിൽ നിന്ന് അവസാനമായി ‘നാടുകടത്തപ്പെട്ട’ ആന. ഇത്തരത്തിൽ കടത്തപ്പെടുന്ന ആനകൾ ചെന്നുചേരുന്ന ഇടത്തുതന്നെ തുടരുമോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ലെന്ന് വിദഗ്ധർ പറയുന്നു.