ആരാണ് രാജകുമാരിയുടെ ‘രഹസ്യരേഖ’കൾ തേടി വന്നത്? ദുരൂഹതയുടെ ടർബോ കാൻസർ: ‘ആ വിഡിയോയിൽ കെയ്റ്റ് അല്ല’
Mail This Article
എവിടെയാണ് കെയ്റ്റ് മിഡിൽടൺ? ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയതിനു ശേഷം, 2024ന്റെ തുടക്കം മുതൽ ഉയരുന്ന ചോദ്യമാണിത്. ജനുവരിയിൽ ഉദരശസ്ത്രക്രിയയ്ക്ക് വിധേയയായ കെയ്റ്റിനെപ്പറ്റി ഇതിനിടെ കഥകൾ പലതും പ്രചരിച്ചു. ‘കെയ്റ്റ് മിഡിൽടൺ മരിച്ചു’ എന്ന ദയാരഹിതമായ നുണക്കഥയും അക്കൂട്ടത്തിലുണ്ടായിരുന്നു. അഭ്യൂഹങ്ങൾക്കിടെയാണ്, രാജകുടുംബം പ്രത്യേകമായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷയിൽ കെയ്റ്റ് പങ്കെടുക്കും എന്ന വിവരം ബക്കിങ്ങാം കൊട്ടാരം പുറത്തുവിട്ടത്. പക്ഷേ, രാജകുടുംബാഗങ്ങൾക്ക് മാത്രമായി നടത്തിയ ആ ചടങ്ങിലെ കെയ്റ്റിന്റെയും വില്യമിന്റെയും മൂന്ന് മക്കളുടെയും അസാന്നിധ്യം വീണ്ടും ചർച്ചയാവുകയാണ്. ‘‘സ്വാർഥമായ താൽപര്യങ്ങൾക്ക് അതീതമായി, തങ്ങളുടെ വിശ്വാസത്തിലും അനുഭാവത്തിലും ഊന്നി കാൻസറിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാൾസ് രാജകുമാരനും വെയിൽസ് രാജകുമാരിയും ഒരുപാടു പേർക്ക് ജീവിക്കാനുള്ള ഊർജമാവുകയാണ്’’ എന്നാണ് രാജകുടുംബത്തിന്റെ ഈസ്റ്റർ ദിന ശുശ്രൂഷയുടെ പ്രസംഗമധ്യേ ആർച്ച്ബിഷപ്പ് പറഞ്ഞത്. രോഗത്തെക്കുറിച്ച് കഥകൾ പ്രചരിക്കുന്നതിനിടെ താൻ കാൻസർ ബാധിതയാണ് എന്ന് വിഡിയോ സന്ദേശം പുറത്തുവിട്ടതും കെയ്റ്റ് തന്നെയായിരുന്നു. ‘കാൻസർ ബാധിതയാണ്. ചികിത്സ നടക്കുന്നു. കുടുംബം പിന്തുണ നൽകുന്നു’ ഏറ്റവും ശാന്തമായി കെയ്റ്റ് ലോകത്തോടു പറഞ്ഞു. ചാൾസ് രാജാവിന്റെ കാൻസർ വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് കെയ്റ്റിന്റെയും രോഗം സ്ഥിരീകരിച്ചത്. കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന ഒരു രീതി കൂടിയാണ് രോഗവിവരം തുറന്നുപറഞ്ഞതിലൂടെ ചാൾസും കെയ്റ്റും അവസാനിപ്പിച്ചതും.