‘മഹാമാരിയിൽനിന്ന് കരകയറി; അയോധ്യയിലേയ്ക്ക് ക്ഷണം; സർക്കാർ മനോഭാവത്തിൽ വലിയ മാറ്റം’
Mail This Article
പരീക്ഷാച്ചൂടെല്ലാം മാഞ്ഞിരിക്കുന്നു, കുട്ടികൾക്ക് ഇനി വെക്കേഷനാണ്. പദ്ധതിയിട്ടു വച്ചിരിക്കുന്ന എത്രയെത്ര സ്ഥലങ്ങളിലേക്കു പോകാനിരിക്കുന്നു. അതിനിടയ്ക്ക് വേനൽച്ചൂട് കനക്കുന്നുണ്ട്. മനസ്സും ശരീരവും കുളിരുന്ന ഒരിടത്തേയ്‌ക്കൊരു യാത്ര ആരും കൊതിക്കും. അങ്ങനെയൊരു സ്ഥലം കേരളത്തിലുണ്ടോ? ആലോചന ചെന്നെത്തി നിൽക്കുക കൊച്ചിയിലെ വണ്ടർലായുടെ മുന്നിലായിരിക്കും. വെക്കേഷനായതോടെ പതിവിലുമേറെ തിരക്കായിരിക്കുന്നു വണ്ടർലായിൽ. പുതിയ റൈഡുകളും മറ്റു വിനോദോപാധികളുമായി ആ അമ്യൂസ്മെന്റ് പാർക്ക് ഓരോ ദിവസവും ആയിരക്കണക്കിനു പേരെ സ്വാഗതം ചെയ്യുകയാണ്. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വണ്ടർലാ ആരംഭിച്ച് കാൽ നൂറ്റാണ്ടാകാൻ ഒരുങ്ങുകയാണ്. 2000ത്തിലാണ് വീഗാലാൻഡ് എന്ന പേരിൽ എറണാകുളം പള്ളിക്കരയിൽ വണ്ടർലായുടെ തുടക്കം. അച്ഛന്റെ പാത പിന്തുടർന്ന് അരുൺ ചിറ്റിലപ്പിള്ളി അമ്യൂസ്‌മെന്റ് പാർക്ക് വ്യവസായത്തിൽ എത്തിപ്പെട്ടിട്ടും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഇതിനിടയ്ക്ക് ബെംഗളൂരുവിലും ഹൈദരാബാദിലും പാർക്കുകൾ തുറന്നു. ഭുവനേശ്വറിലും ചെന്നൈയിലും സേവനമാരംഭിക്കാനൊരുങ്ങുന്നു. മൊത്തത്തിൽ വിനോദ പാർക്ക് വ്യവസായത്തിന് ഇത് നല്ലകാലമാണെന്നാണ് പാർക്കുകളുടെ നടത്തിപ്പു ചുമതലയുള്ള വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ അരുണിന്റെ അഭിപ്രായം.