ഈ അവധിക്കാലത്ത് നിങ്ങൾക്കും ‘കോടീശ്വരനാ’കാം; വേണ്ടത് വിയറ്റ്നാമിലേക്കൊരു യാത്ര, കയ്യിൽ 35,000 രൂപയും!
Mail This Article
വിയറ്റ്നാം എങ്ങനുണ്ട്, മലേഷ്യയോ? ഒരു ഫൈവ് ഡേയ്സ് ട്രിപ്പടിച്ചാൽ കീശ കീറുമോ? അല്ലെങ്കിൽ തായ‍്‍ലൻഡ് ആയാലോ? ഈ അവധിക്കാലത്ത് തലങ്ങുംവിലങ്ങും കേൾക്കുന്ന ചോദ്യങ്ങളാണിത്. അവധിക്കാലം അടുക്കുമ്പോഴേ ട്രിപ്പ് പ്ലാൻ ചെയ്തു തുടങ്ങുന്നവർ ഒട്ടേറെയാണ്. ഗൂഗിൾ മാപ്പിലും യുട്യൂബിലും കയറിയിറങ്ങി നിരങ്ങും. പരിചയത്തിലുള്ള ട്രിപ്പടി വീരന്മാർക്കൊക്കെ വാട്സാപ്പിൽ മെസേജിടും. ഇൻസ്റ്റയിൽ കാണുന്ന ബജറ്റ് ടൂറുകൾക്കെല്ലാം എൻക്വയറി അയയ്ക്കും. വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനും എന്തു ചെലവു വരുമെന്ന് മുൻകൂട്ടി അറിയാമെങ്കിലും അവിടെ ചെന്നിറങ്ങിയാൽ പിന്നെയുള്ള ചെലവുകൾ എങ്ങനെയാണെന്ന് ഒരു പിടിയുമില്ലെന്നതാണു പ്രശ്നം. കുമരകത്തും ഫോർട്ട്കൊച്ചിയിലും നമ്മൾ കാണുന്ന സായിപ്പന്മാർക്ക് നാട്ടിൽ എന്തു ജോലിയാണെന്നോ, എന്തു വരുമാനമുണ്ടെന്നോ അറിയില്ലെങ്കിലും അവരെല്ലാം നമുക്ക് ‘ലോകം ചുറ്റിനടക്കുന്ന ‘റിച്ച് ഫോറിനേഴ്സ്’ ആണ്. അതുപോലെ ബർമുഡയും കൂളിങ് ഗ്ലാസും വച്ച് ഏതെങ്കിലും രാജ്യത്ത് ചെന്നിറങ്ങിയാൽ നമ്മളും റിച്ചാണെന്ന് അവർ കരുതും. വഴിയോര കച്ചവടക്കാരൻ മുതൽ ടാക്സിക്കാർ വരെ വായിൽവരുന്ന തുക പറയും. അതുകൊണ്ട് ജീവിതച്ചെലവു കുറഞ്ഞ രാജ്യങ്ങളാണ് തപ്പിയെടുക്കേണ്ടത്. ഹോട്ടൽ മെനു നാലുവട്ടം തിരിച്ചുംമറിച്ചും നോക്കി ഒടുവിൽ ബിരിയാണി ഓർഡർ ചെയ്യുന്നതുപോലെ, അന്റാർട്ടിക്ക മുതൽ ആഫ്രിക്കവരെ ചർച്ചചെയ്തു തള്ളിയശേഷം ഒടുവിൽ തീരുമാനത്തിലെത്തും തായ്‌ലൻഡ്, മലേഷ്യ അല്ലെങ്കിൽ വിയറ്റ്നാം. ഇതിൽ മലയാളിയുടെ പുതിയ ഡെസ്റ്റിനേഷൻ വിയറ്റ്നാമാണ്. കഴിക്കാനും കറങ്ങാനും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. കൃത്യമായി പ്ലാൻ ചെയ്താൽ കീശകീറാതെ വിയറ്റ്നാമിലേക്ക് ഒരു ഇന്റർനാഷനൽ ട്രിപ്പ് തരപ്പെടുത്താം.