സ്വപ്നം കണ്ടത് വൈറ്റ് ഹൗസ്, ഇനി ജയിൽ? കാശെറിഞ്ഞിട്ടും ട്രംപിനെ കാത്ത് കൈവിലങ്ങ്?
Mail This Article
‘‘പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ പിടിക്കുക’’– യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ആഹ്വാനമാണിത്. പോൺ സിനിമാ താരം സ്‌റ്റോമി ഡാനിയലുമായി നടത്തിയ ഇടപാടില്‍ അറസ്റ്റ് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഇത്തരമൊരു ആഹ്വാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴും സമാനമായ രീതിയില്‍ ആഹ്വാനം നടത്തുകയും തുടര്‍ന്ന് യുഎസ് പാർലമെന്റായ കാപ്പിറ്റോള്‍ ആക്രമണമുള്‍പ്പെടെ അരങ്ങേറുകയും ചെയ്തതാണ് യുഎസിൽ. മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം ശക്തമാക്കി പ്രചാരണം നടത്തിവരുമ്പോഴാണ് ഇടിത്തീയായി പഴയ ‘അശ്ലീല’ കേസ് വീണ്ടും പൊങ്ങിവന്നത്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പുകഞ്ഞുതുടങ്ങിയ തീ അപ്പോള്‍ തന്നെ വെള്ളമൊഴിച്ചു കെടുത്തിയിരുന്നു. അതിന് കുറേ പണവും ചെലവാക്കി. എന്നാല്‍ അണയാതെ കിടന്ന ചില കനലുകള്‍ എഴുപത്തിയാറുകാരനായ ട്രംപിനെ വീണ്ടും പൊള്ളിക്കുകയാണ്. പ്രസിഡന്റ് കസേര സ്വപ്നം കണ്ട് നടക്കുന്ന ട്രംപ് ജയിലില്‍ കിടക്കേണ്ട ഗതികേടിലേക്കാണു നീങ്ങുന്നത്. സ്റ്റോമിയുമായുള്ള ഇടപാട് പുറംലോകം അറിയാതിരിക്കാന്‍ നല്ലൊരു തുക ട്രംപിന് ചെലവാക്കേണ്ടി വന്നു. ഈ തുകയെച്ചൊല്ലിയള്ള തര്‍ക്കമാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയ മൻഹട്ടൻ കോടതി നടപടിയിലേക്കു നയിച്ചത്. ഇതാദ്യമായി ഒരു യുഎസ് പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തപ്പെടുകയും ചെയ്തിരിക്കുന്നു. ഒന്നുകിൽ അറസ്റ്റ്, അല്ലെങ്കിൽ കീഴടങ്ങുക എന്ന നിർദേശവും ട്രംപിനു നൽകിക്കഴിഞ്ഞു. എന്താണ് അറസ്റ്റിലേക്കു വരെ നയിക്കാൻ തക്കവിധം ട്രംപ് ചെയ്ത കുറ്റം? കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തിൽ ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ട്രംപിനു സാധിക്കില്ലേ? വിശദമായറിയാം.