41 കേസ്, കൊലയ്ക്ക് 2.5 കോടി; കുരുക്കിയത് മലയാളി; യുകെ ഇന്ത്യയ്ക്ക് കൈമാറുന്ന ജയേഷ് പട്ടേൽ ആരാണ്?
Mail This Article
1990-കളിൽ സൗരാഷ്ട്രയിലെ ജാംനഗറിൽ നിന്ന് 30 കി.മീ അകലെയുള്ള ഗ്രാമത്തിലെ ഒരു കർഷകന്റെ മകനായ ജയേഷ് രൺപാരിയ എന്ന ജയേഷ് പട്ടേൽ ജോലി തേടി നഗരത്തിലേക്ക് കുടിയേറി. ജാംനഗറിലെ ഒരു തുണിക്കടയിലാണ് ആദ്യം ജോലി കിട്ടിയത്. പിന്നീട് ഒരു എസ്.ടി.ഡി ബൂത്ത് തുടങ്ങി. പിച്ചളയുടെ ബിസിനസായി പിന്നീട്. ഇതിനിടെ വാഹനമോഷണമടക്കം ചില തട്ടിപ്പുകേസുകളിൽ കുടുങ്ങി. രണ്ടു വർഷം മുമ്പ് ലണ്ടനിൽ ഇയാൾ അറസ്റ്റിലാകുമ്പോൾ പേരിലുണ്ടായിരുന്നത് കൊലപാതകമടക്കം 41 കേസുകൾ. ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസം യുകെയിലെ ഒരു കോടതി ഉത്തരവിട്ടു. ഒരു കാലത്ത് ജാംനഗറിനെ വിറപ്പിച്ചിരുന്ന ഇയാളെ കുടുക്കിയതും ഇപ്പോൾ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിയമപോരാട്ടത്തിന് നേതൃത്വം നൽകിയതും ഗുജറാത്ത് കേഡറിലെ മലയാളിയായ ഒരു ഐപിഎസ് ഓഫിസറും. രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം കത്തി നിൽക്കെ, കോൺഗ്രസ് നേതാവിനെതിരെ ലണ്ടനിൽ കേസ് കൊടുക്കുമെന്ന് മുൻ ഐപിഎൽ കമ്മിഷനർ ലളിത് മോദി പ്രസ്താവിച്ചതും കഴിഞ്ഞ ദിവസമാണ്. തട്ടിപ്പു കേസിൽ അറസ്റ്റ് ഭയന്ന് ലണ്ടനിലേക്ക് കടന്ന ലളിത് മോദി ആദ്യം ഇന്ത്യയിലെത്തി നിയമവഴി തേടിയിട്ട് മതി വെല്ലുവിളിയെന്ന് നിരവധി പേർ പ്രതികരിക്കുകയും ചെയ്തു. ഇത്തരത്തിൽ വിദേശങ്ങളിലേക്ക് കടന്ന നിരവധി പേരുടെ കാര്യങ്ങൾ ചർച്ചയാകുന്നതിനിടെയാണ് ഒരു കുറ്റവാളിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുകെ കോടതി വിധി വന്നിരിക്കുന്നതും.