ആദിത്യ തീർക്കും ഭൂമിക്ക് ‘അദ്ഭുത’ പടച്ചട്ട; ഇസ്‌റോയുടെ സൂര്യയാത്രയ്ക്കു പിന്നിലെ യാഥാർഥ്യം
Mail This Article
ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഭക്ഷിക്കാനായി പണ്ടുപണ്ടൊരിക്കൽ ഹനുമാൻ സൂര്യനു നേരെ പാഞ്ഞടുത്ത കഥയുണ്ട് പുരാണത്തിൽ. ആ കഥ കൊച്ചുകുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോള്‍ അവർ മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്– ‘‘സൂര്യനു നേരെ പറന്നുചെന്നാൽ കരിഞ്ഞു പോകില്ലേ...?’’ ഇന്ത്യയൊട്ടാകെ പലരും ഈ ചോദ്യം ഇപ്പോൾ മനസ്സിൽ ചോദിക്കുന്നുണ്ടാകാം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്‌ആർഒ–ഇസ്റൊ) ആദിത്യ–എൽ1 പേടകം സൂര്യനു നേരെ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭൂമിയിൽനിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. സൂര്യന് ഏറ്റവും അടുത്തെത്തിയിട്ടുള്ള പേടകം ഏതായിരിക്കും? 1976ൽ യുഎസ്–ജർമന്‍ സംയുക്ത സംരംഭമായി അയച്ച ഹീലിയോസ് 2 പേടകത്തിനായിരുന്നു 2018വരെ ആ റെക്കോർഡ്. സൂര്യന് 4.35 കോടി കിലോമീറ്റർ അടുത്തു വരെയാണ് പേടകം എത്തിയത്. എന്നാൽ 2018ൽ നാസയുടെ പാർക്കർ സോളർ പ്രോബ് ആ റെക്കോർഡും കടന്നു മുന്നോട്ടു പോയി.