ഷിൻഡെയുടെ ഉറക്കം കെടുത്തുന്ന 'ഗ്രാമീണൻ'; മുഖ്യമന്ത്രിക്കസേര തെറിപ്പിക്കുമോ ജരാംഗേ? മറാഠാ പ്രക്ഷോഭം ആളിക്കത്തിക്കുന്നതാര്?
Mail This Article
ഒരു വർഷം മുൻപുള്ള ഒരു വിഡിയോയിലെ രംഗമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ‌് ഷിൻഡെ, മറാഠാ സംവരണം ആവശ്യപ്പെടുന്ന സംഘടനകളുടെ നേതാക്കളുമായി സംസാരിക്കുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ട ഒരു ശബ്ദം ഷിൻഡെയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളരുമായി തിരക്കിട്ട് സംസാരിക്കുന്ന ഷിൻഡെയ്ക്ക് ഇതു ശ്രദ്ധിക്കാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ അടുത്ത് എത്താനുള്ള അയാളുടെ ശ്രമവും പരാജയപ്പെട്ടു. അവിടെനിന്ന് ഒരു വർഷം കഴിയുമ്പോൾ ഷിൻഡെയുടെ ഫോൺ വിളി മനോജ് ജരാംഗേ പാട്ടീൽ എന്ന അയാളെ തേടിയെത്തുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിച്ചുകൊണ്ടുള്ള ഓർഡിനൻസ് ഉടൻ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് താൻ നിരാഹാര സമരം നടത്താൻ പോകുന്നു എന്ന് ജരാംഗേ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷിൻഡെയുടെ ഫോൺവിളി. എന്നാൽ ജരാംഗേ അയഞ്ഞില്ല. ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ് അദ്ദേഹത്തിന്റെ നിരാഹാര സമരം.