തുരങ്കത്തിനുള്ളിൽ ധൈര്യം പകർന്ന ഗബ്ബർ സിങ്; ശ്വാസമടക്കിനിന്ന് കണ്ട ആ കാഴ്ച; രക്ഷയ്ക്ക് ‘റാറ്റ് ഹോള്‍ മൈനിങ്’
Mail This Article
ഒടുവിൽ ഉത്തരകാശി സിൽക്യാരയിൽ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളിലേക്ക് രക്ഷാകരങ്ങള്‍ എത്തിയിരിക്കുന്നു. 17 ദിവസങ്ങൾക്കു ശേഷം. ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ, അവസാനിക്കാത്ത അനിശ്ചിതത്വം. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം സമാനതകളില്ലാത്ത വിധം ദുഷ്കരമായാണ് മുന്നോട്ടു നീങ്ങിയത്. തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴലിട്ട് തൊഴിലാളികളിലേക്കെത്താനുള്ള ശ്രമത്തിനാണ് ദൗത്യസംഘം ഊന്നൽ നൽകിയത്. പല ഘട്ടത്തിലും തടസ്സം നേരിട്ടു. മല തുരക്കുന്ന ഓഗർ യന്ത്രം കേടായതോടെ എലി മാളം തുരക്കുന്ന ‘റാറ്റ് ഹോള്‍ മൈനിങ്’ രീതി ഉപയോഗിച്ചാണ് അവസാന ഭാഗത്ത് പൈപ്പ് സ്ഥാപിച്ചത്. ഒടുവിൽ ഇരുമ്പ്, സ്റ്റീൽ പാളികൾ നിറഞ്ഞ അവശിഷ്ടങ്ങൾ തുരക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലെത്തി. കുടുങ്ങിയ 41 തൊഴിലാളികൾ അകത്ത്, ഇവരെ പുറത്തെത്തിക്കാൻ ദൗത്യ സംഘവും. ദുഷ്കരമായ ദിനങ്ങൾ പിന്നിട്ടായിരുന്നു രക്ഷാ പ്രവർത്തനം വിജയംകണ്ടത്. അസാമാന്യ മനസ്സാന്നിധ്യത്തോടെയാണു തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കഴിഞ്ഞത്. പ്രാർഥനയോടെ അവരുടെ ബന്ധുക്കൾ പുറത്തും. രക്ഷാ മാർഗങ്ങൾ ഓരോന്നായി അടയുമ്പോഴും മറു വഴി തേടി അധികൃതരും. ഈ ശ്രമത്തിൽ ലോകംതന്നെ ഉത്തരകാശിയിൽ എത്തിയെന്നും പറയാം. പ്രതിസന്ധിയുടെ ഈ ദിവസങ്ങൾ എങ്ങനെയാണ് തൊഴിലാളികൾ തരണം ചെയ്‌തത്? വായിക്കാം.