‘സഖാവിന്റെ ഭവനം’ വാങ്ങിയത് സിപിഎം അറിഞ്ഞില്ല; എൽഡിഎഫിനെ നയിച്ചത് ഈ രഹസ്യ അച്ചുതണ്ട്! മാവോ വേട്ടയെ ചെറുത്ത ‘തലക്കനം’
Mail This Article
വർഷങ്ങൾക്കു മുൻപാണു സംഭവം. സിപിഐ ജില്ലാ സമ്മേളനം തൃശൂരിൽ നടക്കുന്നു. പ്രതിനിധി സമ്മേളനം ചർച്ചയിലേക്കു നീങ്ങി. ‘ഈ കണക്കിനു പോയാൽ കള്ളന്മാർക്കു വേണ്ടിയും നമ്മൾ തൊഴിലാളി സംഘടന രൂപീകരിക്കേണ്ടി വരില്ലേ’. ഒട്ടും ദാക്ഷിണ്യമില്ലാത്ത ഭാഷയിലാണ് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി തന്റെ അഭിപ്രായം പറഞ്ഞത്. പ്രതിനിധിയുടെ വിമർശനം നേരെ ചെന്നു തറച്ചത് പ്രിസിഡിയത്തിൽ ഇരിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നെഞ്ചിലും. മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാർക്കായി തൊഴിലാളി സംഘടന ആരംഭിക്കാനുള്ള പാർട്ടി തീരുമാനത്തിന് എതിരെയാണ് വിമർശനം. പുതിയ നീക്കത്തിന്റെ പിന്നിൽ കാനമാണെന്ന് അറിഞ്ഞുതന്നെയാണ് വിമർശനവും. ശൃംഖല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പ് മുൻനിര്‍ത്തിയാണ് പ്രതിനിധിയുടെ വിമർശനം. എന്നാൽ തന്റെ നയവും നിലപാടും വിശദമാക്കുന്നതായിരുന്നു രാജേന്ദ്രന്റെ കുറിക്കു കൊള്ളുന്ന മറുപടി. ‘കള്ളന്മാരെ സൃഷ്ടിക്കുന്നത് ഭരണകൂടമാണെന്ന’ പൊതു തത്വം വ്യക്തമാക്കിയ കാനം കാലം മാറുന്നതനുസരിച്ച് ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം വിപുലമാക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം നിർത്തിയത്.