മഴുകൊണ്ട് വെട്ടിയും കഴുത്തുഞെരിച്ചും മക്കളെ കൊല്ലുന്ന ‘ഫിലിസൈഡ്’: സുചനയുടേത് ‘സൈക്കോട്ടിക്’ കൊല?
Mail This Article
സുചന സേത്. കോവിഡ് മഹാമാരിക്കാലത്ത് സ്വന്തം കമ്പനി തുടങ്ങി, ഏറ്റവും മിടുക്കരായ 100 വനിതകളുടെ പട്ടികയിൽ ഇടം പിടിച്ച ഡേറ്റ സയന്റിസ്റ്റ്. പക്ഷേ അടുത്തിടെ സുചന സേതിന്റെ പേര് രാജ്യത്തെ ഞെട്ടിച്ചത് ഏറ്റവും നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ പേരിലാണ്. ഗോവയിലെ ഹോട്ടലിൽ നാലു വയസ്സുകാരനായ സ്വന്തം മകനെ കൊല ചെയ്ത് മൃതദേഹം പെട്ടിയിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച സുചനയെ ഹോട്ടൽ ജീവനക്കാർക്ക് തോന്നിയ സംശയത്തിന്റെ പേരിൽ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലയുടെ വിവരങ്ങൾ ലോകമറിഞ്ഞു. വിവാഹമോചിതയായിരുന്നു സുചന. മകനെ കാണാൻ സുചനയുടെ ഭർത്താവിന് കോടതി അനുമതി നൽകിയതിനു പിന്നാലെയായിരുന്നു ആ നാലു വയസ്സുകാരനെ കൊലപ്പെടുത്തിയത്. പിന്നാലെ സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മക്കളെ കൊലപ്പെടുത്തി പിന്നാലെ ആത്മഹത്യ ചെയ്യുന്ന മാതാപിതാക്കളുടെ വാർത്തകൾ കേരളത്തിനും പുതുമയല്ലാതായി മാറുകയാണ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ‘അലാമിങ് ട്രെൻഡ്’ ആയി ഇത്തരം കൊലപാതകങ്ങൾ മാറുന്നുണ്ടെന്ന് മനഃശാസ്ത്രവിദഗ്ധരും പറയുന്നു. സ്വയം ജീവനെടുക്കുന്നതിനൊപ്പം, ഈ ലോകത്തിന്റെ ഭംഗിയിലേക്ക് കൗതുകം നിറഞ്ഞ കണ്ണുകളും കുഞ്ഞുകാലുകളുമെടുത്തു വച്ചു തുടങ്ങിയ പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലുന്ന ക്രൂരത. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലാകാതെയാണ് ആ കുരുന്നുകൾ എന്നന്നേക്കുമായി കണ്ണുകളടയ്ക്കുന്നത്. നമ്മുടെ സമൂഹം ഇത്രയ്ക്ക് ക്രൂരമായോ? സ്വന്തം കുഞ്ഞുങ്ങളുടെ വരെ കൊലപാതകങ്ങളിലേക്ക് ഇത്തരക്കാരെ നയിക്കുന്ന ചേതോവികാരം എന്താകും? വിദഗ്ധർ പറയും അതിന്റെ ഉത്തരം.