കൈയിലെ കാശ് പോകാതെ നോക്കാം: മാർച്ച് 15ന് ശേഷം വൻ മാറ്റം: ശ്രദ്ധിക്കണം ഈ 6 കാര്യങ്ങൾ
Mail This Article
കടയിൽനിന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ നമ്മളിൽ പലരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്. 'ചേട്ടാ, പേയ്ടിഎം ഉണ്ടോ?' യുപിഐ ഉണ്ടോയെന്നാണ് ചോദ്യമെങ്കിലും, പലരും ഉപയോഗിച്ചിരുന്ന വാക്ക് പേയ്ടിഎം തന്നെ. ഗൂഗിൾ പേയും ഫോൺപേയും നാട്ടിൽ വ്യാപകമാകുന്നതിനു മുൻപ് ഓൺലൈൻ പേയ്മെന്റ് എന്നാൽ എല്ലാവർക്കും പേയ്ടിഎം ആയിരുന്നു. അത്രമേൽ ചിരപരിചിതമായൊരു ബ്രാൻഡ്. നെറ്റ്‌ബാങ്കിങ് ശക്തമായതിനു പിന്നാലെ, ഏതെങ്കിലുമൊരു തരത്തിൽ ഈ ബ്രാൻഡുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇടപെടാത്തവർ അപൂർവമായിരിക്കും. യുപിഐ, വോലറ്റ്, ബാങ്ക്, എൻസിഎംസി കാർഡ്, പിഒഎസ് മെഷീൻ, ക്യുആർ, പേയ്മെന്റ് ഗേറ്റ്‍വേ അങ്ങനെ എന്തിലുമേതിലും പേയ്ടിഎം ഉണ്ട്. ഗൂഗിൾപേ ഉപയോഗിക്കുന്നവർ പോലും കടകളിൽ പണമടച്ചിരുന്നത് പേയ്ടിഎം ക്യുആർ സൗണ്ട്ബോക്സ് വഴിയായിരിക്കാം. അല്ലെങ്കിൽ, ഓൺലൈൻ പേയ്മെന്റിനായി ഉപയോഗിച്ചിരുന്നത് പേയ്ടിഎം പേയ്മെന്റ്സ് ഗേറ്റ്‍വേ ആകാം. അതുമല്ലെങ്കിൽ, കാർഡ് സ്വൈപ് ചെയ്തത് പേയ്ടിഎമിന്റെ പിഒഎസ് മെഷീനിലാകാം! എന്നാൽ കുറച്ചുനാളുകളായി പേയ്ടിഎമിനെക്കുറിച്ചുള്ള വാർത്തകൾ ഭൂരിഭാഗവും നെഗറ്റീവാണ്. ഒടുവിലത് 2024 ജനുവരിയിലെ റിസർവ് ബാങ്കിന്റെ കർശന നടപടിയിൽ വരെ എത്തിനിൽക്കുന്നു.