‘ഭാവി’ പറഞ്ഞ് പുട്ടിൻ; അഭിനന്ദിച്ചവരിൽ മോദി, ഷി, കിം...; ബാലറ്റില് ഭർത്താവിന്റെ പേരെഴുതി യൂലിയ; ഇനിയും വരുമോ യുദ്ധം?
Mail This Article
‘പ്രതീക്ഷിച്ചതു’ പോലെത്തന്നെ എല്ലാം സംഭവിച്ചു. റഷ്യയുടെ പ്രസിഡന്റായി വീണ്ടും വ്ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുട്ടിനു ലഭിച്ചത് 87 ശതമാനത്തോളം വോട്ട്. ആകെ വോട്ട് ചെയ്തവരിൽ 7.6 കോടി പേരും പിന്തുണച്ചത് പുട്ടിനെ. ഇന്നേവരെ അദ്ദേഹത്തിനു ലഭിച്ചതിൽവച്ച് ഏറ്റവും വലിയ വോട്ടുനില. പ്രതിപക്ഷവും മിക്ക പാശ്ചാത്യ രാജ്യങ്ങളും പുട്ടിന്റെ വിജയത്തെ അപലപിക്കുകയാണുണ്ടായത്. രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം, പ്രതിപക്ഷ നേതാവിനെ വരെ, അടിച്ചമർത്തിയ പുട്ടിന് വിജയം ഉറപ്പാണെന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത്രയേറെ വലിയ വിജയമുണ്ടായത് അദ്ദേഹത്തിന്റെ ജനപിന്തുണ വ്യക്തമാക്കുന്നുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും പുട്ടിനെ പ്രശംസിച്ചു, ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വരാനിരിക്കുന്ന, ദീർഘകാലത്തേയ്ക്കുള്ള നയതന്ത്രപരമായ ബന്ധത്തിൽ പ്രതീക്ഷ അർപ്പിക്കുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുട്ടിനെ അദ്ദേഹം ‘എക്സി’ലെ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു. മാർച്ച് 15,16,17 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ 87.28 ശതമാനം വോട്ടു നേടിയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി ആറു വർഷം കൂടി അധികാരത്തിൽ തുടരാം. അതോടെ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയുടെ ഭരണാധികാരിയായ വ്യക്തി എന്ന ബഹുമതിയും പുട്ടിനു സ്വന്തമാകും. ഇത് അഞ്ചാം തവണയാണ് എഴുപത്തിയൊന്നുകാരനായ പുട്ടിൻ അധികാരത്തിലെത്തുന്നത്.