ജെസ്നയെടുത്ത പുസ്തകത്തിൽ എന്തായിരുന്നു? ‘ആ സുഹൃത്തുക്കളിൽ ഒരാൾക്കെതിരെ കേസ്’: വെളിപ്പെടുത്തി കെ.ജി.സൈമൺ
Mail This Article
‘ആ സുഹൃത്തുക്കളിൽ ഒരാൾക്ക് കേസുണ്ടായിരുന്നു’. ജെസ്ന കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘങ്ങളിൽ ഒന്നിന്റെ തലവനായിരുന്ന മുൻ എസ്പി കെ.ജി.സൈമൺ ഓർത്തെടുത്തു. ‘‘ജെസ്നയുടെ സുഹൃത്തുക്കളെ മാത്രമല്ല സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. ജെസ്നയെ കാണാതായത് സംബന്ധിച്ച് ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് നാലഞ്ച് തട്ടിലുള്ള സുഹൃത്തുക്കൾ, അവരുടെ ഫോൺ കോളുകൾ എന്നിവ അന്ന് ഞങ്ങൾ അന്വേഷിച്ചത്.’’ ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചു വളർന്ന മലയാളികൾ ഹോംസിന്റെ കേരള പൊലീസ് പതിപ്പുകൾക്കായി ചുറ്റും അന്വേഷണം നടത്തുന്നത് പതിവായിരുന്നു. അവരുടെ മുന്നിലേക്കാണ് പോളക്കുളം കൊലക്കേസ് അന്വേഷണവുമായി രാധാ വിനോദ് രാജു എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെട്ടത്. സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം രാധാ വിനോദ് രാജുവിന്റെ പ്രവർത്തന രീതി സിനിമയിൽ പകർത്തി. തെളിയാത്ത കേസുകൾ സിബിഐയെ അന്വേഷിക്കണമെന്ന് ജനം ആവശ്യപ്പെട്ട കാലം. സിബിഐക്ക് വെല്ലുവിളി ഉയർത്തി കേരള പൊലീസിലെ ഏതാനും ഉദ്യോഗസ്ഥർ കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചു.