മഞ്ഞളൊഴിച്ച് തെളിവ് മായ്ക്കാൻ പാർട്ടി റെഡി; ബോംബിനെ പടക്കമാക്കുന്ന കണ്ണൂരിലെ ‘പ്രത്യേക ആക്ഷൻ’
Mail This Article
എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു മലയാളത്തിൽ പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. 1998 മുതൽ 2024 വരെയുള്ള കണക്കെടുത്താൽ, നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, സ്റ്റീൽ മൊന്തകളിലും ഐസ്ക്രീം ബോളുകളിലുമെല്ലാം ‘ഒളിച്ചിരുന്ന്’ പൊട്ടിത്തെറിക്കുകയാണ് നാടൻ ബോംബുകൾ. ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട് ബോംബ് രാഷ്ട്രീയത്തിന്. 2021ൽ ഇരിട്ടിയിൽ പന്താണെന്നു കരുതി നാടൻ ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്. അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിനു സമീപം ‘ഡയറ്റ്’ ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു. വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല.