‘അതിവേഗം’ മോദി ഭൂട്ടാനിൽ: ഇന്ത്യയെ കൈവിടാൻ വയ്യ, ചൈനയെ വെറുപ്പിക്കാനും; 2 ആണവ ശക്തികൾക്കിടയിൽ കുരുങ്ങി ഈ ‘കുഞ്ഞൻ’
Mail This Article
അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ മാർച്ച് 18നാണ് തിരികെപ്പോയത്. കൃത്യം നാലാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ട് ഭൂട്ടാനിലേക്കും പറന്നു. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനുശേഷം! അസാധാരണ നടപടിയാണിത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ സ്വീകരിക്കാനും ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാൻ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനുമായാണ് യാത്രയെന്ന് പറയാമെങ്കിലും ഇതിനേക്കാളെല്ലാമുപരി മോദിയെ ഭൂട്ടാനിലെത്തിച്ച മറ്റൊരു പ്രേരകശക്തിയുണ്ട്. ചൈനയുമായി ഭൂട്ടാൻ നടത്തുന്ന അതിർത്തി ചർച്ച! അതിർത്തി തർക്കം പരിഹരിച്ച് ഭൂട്ടാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് വെല്ലുവിളിയാകുന്നത്? അതിനുള്ള ഉത്തരം അടുത്തിടെ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഭൂട്ടാനെ വരുതിയിലാക്കി വടക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ശക്തമാക്കാനൊരുങ്ങുകയാണ് ചൈന. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയും ഭൂപടം തിരുത്തിവരച്ചും ചൈന നടത്തുന്ന പ്രകോപനത്തെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. മേയ്ആദ്യവാരം മറ്റൊന്നു കൂടി സംഭവിച്ചു. ഇന്ത്യയ്ക്കു കീഴിലുള്ള ഷാക്‌സ്ഗാം താഴ്‌വരയിൽ ചൈന നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പാക്ക് അധിനിവേശ കശ്മീരിലാണ് ഈ ഭാഗമെന്നാണു പാക്കിസ്ഥാൻ പറയുന്നത്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാർ പ്രകാരമാണ് നിലവിൽ ഷാക്‌സ്ഗാമിൽ നിർമാണ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ ചൈനയ്ക്ക് അനുവാദം നൽകിയത്. സമാനമായ കരാറുകൾ ചൈന ഭൂട്ടാനുമായും ഒപ്പിടുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് അത് പുതിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതും. എങ്ങനെയാണ് ചൈന ഭൂട്ടാനുമായി അടുക്കുന്നതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതും?