ശ്രീലേഖയ്ക്ക് കുരുക്കായത് ‘ടിഒഡി ബില്ലിങ്’? സോളർ പാനലിനും വേണം നിലവാരം; ‘പ്രൊസ്യൂമർ’ക്ക് ലാഭമുണ്ടാക്കാൻ ഈ വഴികൾ
Mail This Article
വീടിന്റെ മേൽക്കൂരയിലെ സോളർ പദ്ധതികളെ കെഎസ്ഇബി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഓൺ ഗ്രിഡ് പ്ലാന്റുകൾ സംബന്ധിച്ച് ഉയരുന്നത് ഒട്ടേറെ പരാതികളും സംശയങ്ങളും. മൂന്നു കിലോവാട്ട് മുതലുള്ള പ്ലാന്റുകളാണ് ഭൂരിഭാഗംപേരും വീടുകളിൽ സ്ഥാപിക്കുന്നത്. മേൽക്കൂരയിൽ സ്ഥാപിക്കുന്ന, ഗാർഹിക ആവശ്യത്തിനുള്ള ഓൺ ഗ്രിഡ് സോളർ പ്ലാന്റുകൾക്കു മാത്രമേ കേന്ദ്രസർക്കാരിന്റെ സബ്സിഡിയുള്ളൂ. കേന്ദ്ര സർക്കാരിന്റെ ‘പിഎം– സൂര്യ ഘർ’ പദ്ധതി പ്രകാരം 78,000 രൂപയാണ് പരമാവധി ലഭിക്കുന്നത്. സോളർ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യത്തിന് ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണ് നെറ്റ് മീറ്ററിലൂടെ കെഎസ്ഇബി ഗ്രിഡിലേക്കു പോകുന്നത്. വൈദ്യുതി ഉപയോഗിക്കുന്നവരെ ഉപയോക്താവ് (കൺസ്യൂമർ) എന്നു വിളിക്കുമ്പോൾ ഓൺഗ്രിഡ് സോളർ പ്ലാന്റുള്ളവരെ പ്രൊസ്യൂമർ (പ്രൊഡ്യൂസർ + കൺസ്യൂമർ) എന്നാണു വിളിക്കുന്നത്.