‘മരം ഒരു വരം’ മുദ്രാവാക്യം നിലവിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. തിരുവനന്തപുരത്ത് എംസി റോഡും എൻഎച്ചും വേർതിരിയുന്ന തിരക്കുപിടിച്ച കേശവദാസപുരം ജംക്‌ഷനിൽ വലിയൊരു ആൽമരം നിൽപ്പുണ്ട്. റോഡ് വീതികൂട്ടുന്നതിന് മരം വെട്ടുക എന്നത് സർക്കാർ നയത്തിന്റെ ആദ്യചടങ്ങാണ്. വർഷങ്ങൾക്ക് മുൻപാണ്, ആ തണൽ മുറിച്ചുമാറ്റാൻ തീരുമാനമായി. പരിസ്ഥിതി പ്രവർത്തകനായ ജെ. രാധാകൃഷ്ണൻ ഈ വിഷയവുമായി നേരെ സുഗതകുമാരിയുടെ അടുത്തെത്തി. മരത്തെ രക്ഷിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് സുഗതകുമാരി ചോദിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ നൽകിയ രാധാകൃഷ്ണൻ പറഞ്ഞു- തകഴിച്ചേട്ടന്റെ മരുമകനാണ്. പിന്നെ വൈകിയില്ല, സുഗതകുമാരി ആളെ വിളിച്ചു. മരത്തിന്റെ കടയ്ക്കൽ കോടാലി വീഴാൻ പോകുന്ന കാര്യം പറഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഒരു വാചകം കൂടി പറഞ്ഞു- തകഴിച്ചേട്ടന്റെ പേര് ചീത്തയാക്കരുത്. ആ തണൽ ഇന്നും തുടരുന്നു.
HIGHLIGHTS
- പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി എന്നും മുന്നിൽ നിന്നിരുന്നവരാണ് സിപിഐ നോതാക്കൾ. സിപിഎമ്മിൽ നിന്ന് സിപിഐയെ വേർതിരിച്ചുനിർത്തുന്നതിൽ പ്രധാനപങ്കുവഹിച്ച നേതാക്കളിൽ ഏറെയും പരിസ്ഥിതിയെ അതീവ ഗൗരവത്തിൽ എടുത്തിരുന്നവരാണ്. എന്നാൽ ഇപ്പോൾ കെട്ടിട നവീകരണത്തിന്റെ പേരില്‍ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് പരിസരത്തെ മരങ്ങൾവരെ മുറിച്ചുമാറ്റപ്പെടുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഒട്ടേറെയാണ്. പരിസ്ഥിതി വിഷയങ്ങളിൽ സിപിഐ നയമാറ്റത്തിന് ഒരുങ്ങുകയാണോ?