കടംവാങ്ങിയും അന്നമൂട്ടുന്ന അധ്യാപകരുടെ കണ്ണീർ; 'വിശന്നിരിക്കുന്ന കുട്ടികളോട് സർക്കാർ പാപ്പരാണെന്ന് എങ്ങനെ പറയും'
Mail This Article
അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല. ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.