പിണറായി മറന്നില്ല ആ മാർച്ച് 1; ലാവ്‌ലിൻ എത്രകാലം മാറ്റിവയ്ക്കും? സോളറിലും രക്ഷയായി ആൾക്കൂട്ടം
Mail This Article
2013 ജൂൺ 4. സൗരോർജ പ്ലാന്റുകളും തമിഴ്‌നാട്ടിൽ വിൻഡ്‌മിൽ ഫാമുകളും വാഗ്ദാനം ചെയ്‌ത് സംസ്‌ഥാനത്തുടനീളം ഒട്ടേറെ പേരിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ കേരള പൊലീസിന്റെ ആദ്യ അറസ്റ്റ് അന്നായിരുന്നു. ഇപ്പോഴത്തെ സോളർ കേസിലെ പരാതിക്കാരിയാണ് അറസ്റ്റിലായത്. കേരളം ഒരു പതിറ്റാണ്ട് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസ് അഴിമതിയിൽ ഇടപെട്ടു എന്ന ആരോപണം മുഖ്യമന്ത്രിക്ക് എതിരായ പീഡനപരാതിയിലേക്കു വരെയെത്തി. കേരള പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസ് ഒടുവിൽ എല്ലാ നടപടികളും തീർത്ത് അവസാനിപ്പിച്ചത് ഉമ്മൻചാണ്ടിയുടെ മരണശേഷമാണെന്നു മാത്രം. 10 വർഷം നീണ്ട സോളർ വിവാദത്തിൽ, രാഷ്ട്രീയ ലാഭത്തിനു വേണ്ടി കളം മാറിയവരെയും അധികാരത്തിന് ഏതറ്റം വരെയും പോകാൻ തയാറായവരെയും കേരളം കണ്ടു. അതിലുമുപരി, കേരളത്തിൽ കഴിഞ്ഞ കാലത്തിനിടെയുണ്ടായ എല്ലാ രാഷ്ട്രീയ കൊടുങ്കാറ്റുകളും ഏറ്റവുമൊടുവിൽ കറങ്ങിത്തിരിഞ്ഞ് എത്തിച്ചേർന്നിരുന്നത് ‘സോളർ’ എന്ന മൂന്നക്ഷരത്തിൽ.