ഇന്നും ‘ചരക്കുകൾ’ പോലെ കൈമാറുന്ന തൊഴിലാളികൾ, മറഞ്ഞിരിക്കുന്ന അടിമലോകം; ഇടുക്കിയുടെ ‘വലസൈ പറവകൾ’
Mail This Article
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്. ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു.