ബഹുമാനപ്പെട്ടവരുടെയും ആരാധ്യരുടെയും കേരളം
Mail This Article
അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാഘോഷം സംബന്ധിച്ചു തയാറാക്കിയ ക്ഷണക്കത്ത് കുപ്രസിദ്ധമാണ്. അതിലെ ഗുരുതരമായ വീഴ്ചകളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എന്നാൽ, ആ കത്തിന് ഒരുപയോഗമുണ്ട്. അത് അതറിയാതെ ശ്രദ്ധ ക്ഷണിക്കുന്നതു കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനശൈലിയിലും ഭാഷയിലും മനോഭാവത്തിലും വന്നുചേർന്നിരിക്കുന്ന ആപത്കരമായ ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്കാണ്. ആ ക്ഷണക്കത്തിലെ ‘തിരുവിതാംകൂർ രാജ്ഞിമാർ’ എന്ന പ്രയോഗം മാത്രം കാണുക. കേരളത്തിലെ പൗരർ പ്രത്യാശാപൂർവം വോട്ടുചെയ്ത് ഉത്തരവാദിത്തം നൽകി സ്ഥാനങ്ങളിലിരുത്തിയ ജനാധിപത്യ ഭരണകൂടത്തിലെ (അതും, ഒരു ഇടതുപക്ഷ ഭരണകൂടത്തിലെ) ചിലരുടെയെങ്കിലും തലച്ചോറുകളിൽ ഫ്യൂഡൽ താണുവണക്കങ്ങൾ എത്രയാഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ആ രാജ്ഞിപ്രയോഗം. ഈ നാണയത്തിന്റെ മറുവശം അതിലും ജീർണമാണ്. താണുവണക്കം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവിടെ അണിനിരക്കുന്നു.