സ്വന്തം കുഞ്ഞിന് പൈപ്പുവെള്ളം കൊടുക്കുമോ? ‘ആദ്യത്തെ മണിക്കൂർ പൊലീസ് പാഴാക്കി; കുട്ടിയെ തട്ടിയെടുത്തവരെ പിടിക്കാമായിരുന്നു’
Mail This Article
1987. കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. പതിവു പോലെ അന്ന് 7.30ന് തന്നെ പവർ കട്ട് തുടങ്ങി. ആറു ദിവസം മുമ്പാണ് ആശുപത്രിയിലെ പ്രസവവാർഡിൽ ചെറുവള്ളിയിലുള്ള ശശിയുടെ ഭാര്യ സുധ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ കഴിഞ്ഞ് സുധ അൽപ്പനേരമൊന്ന് മയങ്ങിപ്പോയി. സുധയുടെ അരികിൽ കുഞ്ഞിനെ കിടത്തിയാണ് കൂട്ടിരിപ്പുകാരി സുമതി ഭക്ഷണം വാങ്ങാനായി പുറത്തു പോയത്. പക്ഷേ, ആഹാരം വാങ്ങി തിരിച്ചെത്തിയപ്പോൾ കട്ടിലില്‍ കിടത്തിയ പിഞ്ചുകുഞ്ഞിനെ കാണാനില്ല. പാതിമയക്കത്തിൽ തന്റെ പൊന്നോമനയെ കാണാനില്ലെന്ന് കേട്ട് ചാടി എഴുന്നേറ്റ സുധ അലറി കരഞ്ഞു. ഇനി ഒരിക്കലും തന്റെ കുഞ്ഞിനെ മാറോട് ചേർത്തു നിർത്താനാവില്ലേ എന്ന് ഭയപ്പെട്ട സുധയ്ക്ക് മുന്നിലേക്ക് മണിക്കൂറുകൾക്കുള്ളിലാണ് ആ പിഞ്ചുകുഞ്ഞിനെയും കയ്യിലേന്തി പൊലീസ് എത്തിയത്.