മധ്യപ്രദേശിൽ ‘സൊറ പറഞ്ഞ്’ കോൺഗ്രസിന് നഷ്ടം അരലക്ഷം വോട്ട്; നോട്ടയ്ക്കും പിന്നിൽ സിപിഎം; ഹിറ്റായി ബിജെപിയുടെ ‘പിഞ്ച് ഹിറ്റർമാർ’
Mail This Article
രണ്ടര പതിറ്റാണ്ടു മുൻപുള്ള കഥയാണ്. മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കത്തി നിൽക്കുന്ന സമയം. അരീക്കോട് ടൗൺ ടീമാണ് അന്നത്തെ സെവൻസിലെ സൂപ്പർ ഹിറ്റ് ടീം. അതിനിടെയാണ് ഫ്രാൻസ് ലോകകപ്പ് വന്നത്. നാൽക്കവലയിൽ ടെലിവിഷൻ സ്ഥാപിച്ച് നാട്ടുകാർ കൂട്ടമായി അർജന്റീന–ഹോളണ്ട് മത്സരം കാണുന്നു. അതുവഴി വന്ന സെവൻസ് ഫുട്ബോൾ ആരാധകൻ ടെലിവിഷനിലേക്കൊന്നെത്തി നോക്കി കമന്റ് പാസാക്കി. ‘‘ആരു കളിച്ചാലും കപ്പ് അരീക്കോട് ടൗൺ ടീമിന് തന്നെ’’. സമീപകാല ഇന്ത്യൻ തിരഞ്ഞെടുപ്പുകൾക്കും ഈ കമന്റ് ചേരും.ആരൊക്കെ മത്സരിച്ചാലും അവസാന വിജയം ബിജെപി കൊണ്ടുപോകും. തിരഞ്ഞെടുപ്പ് കാലത്ത് മധ്യപ്രദേശിൽ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായിരുന്നു. ബിജെപി ഭരണത്തിനെതിരെ ജനങ്ങൾക്കിടയിൽ വികാരമുണ്ട്. ഭോപ്പാലിലും ഗ്വാളിയറിലും ഖണ്ഡ്‌വയിലുമെല്ലാം അതു പ്രകടവുമായിരുന്നു. ആദ്യം അതു തിരിച്ചറിഞ്ഞത് പക്ഷേ, ബിജെപിയായിരുന്നു. അതിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. ആ മാറ്റങ്ങൾ ഭരണമാറ്റമെന്ന ജനകീയ വികാരത്തെ പിടിച്ചു നിർത്താൻ കെൽപ്പുള്ളതായിരുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായി ചിന്തിക്കുന്ന വോട്ട് ബാങ്ക് ‘ഫിക്സഡ് ഡെപ്പോസിറ്റായി’ ബിജെപിക്ക് എല്ലായിടത്തുമുണ്ട്. എന്നാൽ, അസാധ്യമെന്നു തോന്നുന്ന തിരഞ്ഞെടുപ്പുകൾ പോലും പാർട്ടി ജയിക്കുന്നത് അതിന്റെ കരുത്തിൽ മാത്രമല്ല. പഴുതടച്ച, എതിരാളികൾക്ക് സൂചിമുന കുത്താൻ പോലും ഇടം നൽകാത്ത തന്ത്രങ്ങളും തിരഞ്ഞെടുപ്പ് മാനേജ്മെന്റുമാണ് വിസ്മയിപ്പിക്കുന്ന വിജയങ്ങൾക്കു പിന്നിലുള്ളത്.