ഉബുണ്ടുവിലുമുണ്ടു കാര്യം
Mail This Article
എത്ര മോശം തലക്കെട്ടെന്നു ചിന്തിക്കാൻ വരട്ടെ. നിറഞ്ഞ നന്മയുടെ കാര്യമാണിത്. ശ്രദ്ധേയമായ ആഫ്രിക്കൻ ദർശനം – Ubuntu philosophy. അവിടത്തെ ബാന്റു ഭാഷയിൽ ഉബുണ്ടു എന്നാൽ മനുഷ്യത്വം എന്നാണർഥം. ‘നിങ്ങൾ ഉള്ളതുകൊണ്ട് ഞാനുണ്ട്’ എന്നും ഇതിനെ വ്യാഖ്യാനിച്ചുവരുന്നു. ‘അന്യർ ഉള്ളതുകൊണ്ട് ഞാൻ കഴിയുന്നു’ എന്നതിൽ പരസ്പരാശ്രയത്വത്തിന്റെ എന്നല്ല, വിശാലമായ മാനവികതയുടെയും സന്ദേശം അടങ്ങുന്നു. മൂല്യങ്ങൾ, വിശ്വാസങ്ങൾ, പെരുമാറ്റരീതികൾ മുതലായവയിലൂന്നിയ വിശാലമായ അടിത്തറയുള്ള തത്വശാസ്ത്രമാണ് ഉബുണ്ടു. കാരുണ്യം, പരസ്പരവിശ്വാസം, സഹജീവിസ്നേഹം, സഹിഷ്ണുത, സഹകരണം, പങ്കിടൽ തുടങ്ങിയവയിൽ ശ്രദ്ധിക്കുന്നവരുടെ ജീവിതം സുഖകരമാകാൻ സാധ്യതയേറും. വിജയത്തിന്റെ പടികൾ ചവിട്ടിക്കയറാൻ ഇത്തരം ശ്രദ്ധ തുണയേകുകയും ചെയ്യും. ജന്മനാ കാരുണ്യമുള്ളവരുണ്ട്. ദയ, കാരുണ്യം തുടങ്ങിയവ ബാല്യത്തിൽ രക്ഷിതാക്കളിൽനിന്നു ശീലിക്കുന്നവരാണ് മിക്കവരും. പിൽക്കാലത്തു സമ്പർക്കത്തിൽ വരുന്ന സാഹചര്യങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്താൽ ബാല്യത്തിലെ ശീലങ്ങളിൽ മാറ്റം വരാം.