അന്ത്യപ്രഭാഷണത്തിലെ വിവേകത്തരികൾ
Mail This Article
അന്ത്യപ്രഭാഷണമെന്നു കേൾക്കുമ്പോൾത്തന്നെ മരണവുമായി ബന്ധപ്പെട്ട മനംമടുപ്പിക്കുന്ന എന്തോ ആണെന്നു തോന്നാം. എന്നാൽ, സംഗതി അങ്ങനെയല്ല. ഇത് ബാല്യകാല സ്വപ്നങ്ങൾ വരെ സക്ഷാത്ക്കരിച്ചുള്ള വിജയത്തെക്കുറിച്ചാണ്. 1960 ഒക്ടോബർ 23ന് യുഎസിലെ ബാൾട്ടിമോറിൽ ജനിച്ച റാൻഡി പോഷ് (Randy Pausch) പ്രശസ്തമായ കാർണഗീ മെല്ലൺ സർവകലാശാലയിലെ കംപ്യൂട്ടർ സയൻസ് പ്രഫസറായിരുന്നു. മനുഷ്യനും കംപ്യൂട്ടറുമായുള്ള അന്യോന്യ സമ്പർക്കത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിരുന്നു. 2006 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ പാൻക്രിയാസിൽ കാൻസർ കണ്ടെത്തി. 2007 ഓഗസ്റ്റിൽ ഡോക്ടർമാർ പറഞ്ഞു, കൂടിപ്പോയാൽ ഇനി മൂന്നോ ആറോ മാസം. 2008 ജൂലൈ 25ന് 47–ാം വയസ്സിൽ അദ്ദേഹം കഥാവശേഷനായി. ഇതിനിടെ 2007 സെപ്റ്റംബർ 18ന് കാർണഗി മെല്ലണിൽ പോഷ് നടത്തിയ ‘‘അന്ത്യപ്രഭാഷണം: നിങ്ങളുടെ ബാല്യകാല സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കൽ’’ എന്ന പ്രസംഗം അതിപ്രശസ്തമായി. ജെഫ്രി സാസ്‌ലോവ് എന്ന പ്രശസ്ത മാധ്യമപ്രവർത്തകനുമായി ചേർന്ന്, അദ്ദേഹം, രചിച്ച പുസ്തകം (The Last Lecture) ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറുമായി. മനസ്സിനെ ഉത്തേജിപ്പിച്ച് നമ്മെ ഉത്സാഹഭരിതരും പ്രയത്നകുതുകികളും ആക്കുന്ന സന്ദേശങ്ങൾ ഈ പുസ്തകത്തിൽ ധാരാളം.