രണ്ടാമൂഴക്കാരുടെ സങ്കടം
Mail This Article
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം. സാമ്യം തോന്നുന്നെങ്കിൽ യാദൃച്ഛികമാണ്’ എന്നു തിരശീലയിൽ എഴുതിക്കാണിക്കുന്നതിൽ സിനിമക്കാരുടെ കുരുട്ടുബുദ്ധിയുണ്ട്. കേസും കൊസ്രാക്കൊള്ളിയും ഒഴിവാകും. സംഗതി കൊച്ചുകുഞ്ഞുങ്ങൾക്കുപോലും പിടികിട്ടുകയും ചെയ്യും. സാഹിത്യവും സിനിമയും ഒരുപോലെ വഴങ്ങുന്ന എം.ടി.വാസുദേവൻ നായർ സിനിമയ്ക്കു പുറത്ത് അതൊന്ന് ഉപയോഗിച്ചു എന്നേയുള്ളൂ. ‘അധികാരം എന്നതു സർവാധിപത്യമാകുന്നെന്നും നടക്കുന്നതു നേതൃപൂജയാണെന്നും’ എംടി പറഞ്ഞത് സാഹിത്യവേദിയിലാണെങ്കിലും ‘പ്രതി’ രാഷ്ട്രീയത്തിലെ ഒന്നാമൂഴക്കാരൻ ആണെന്നു ജനം കരുതി. ഇത്തരം കാര്യങ്ങൾ കേൾക്കുന്ന മാത്രയിൽ ആളെ ജനത്തിനു പിടികിട്ടുന്ന സ്ഥിതി കുറെക്കാലമായുണ്ട്. എന്നിട്ടും സംശയിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ഇ.പി. ജയരാജനോ എ.കെ.ബാലനോ ‘ഇന്നയാളെപ്പറ്റിയല്ല’ എന്നൊന്നു വിശദീകരിക്കും. അതോടെ അവർക്കും ക്ലിയറാകും.