‘തയാറെടുക്കുക, യുക്രെയ്നിൽനിന്ന് വരും അശുഭ വാർത്ത’: അപ്രതീക്ഷിത ദുരന്തം; യുഎസും കൈവിടുന്നു; അട്ടിമറിക്കാൻ സലൂഷ്നി?
Mail This Article
യുക്രെയ്നിലെ പോരാട്ടഭൂമിയിൽ വീണ്ടും മഞ്ഞുകാലത്തിനും മഴയ്ക്കും റഷ്യയുടെ കടുത്ത വിന്റർ ഒഫൻസീവിനും തുടക്കമായിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ യുഎസും സഖ്യകക്ഷികളും സഹായം നൽകിയ യുക്രെയ്നിയൻ പ്രത്യാക്രമണ പദ്ധതി അമ്പേ പരാജയപ്പെടുകയും റഷ്യൻ സേന വർധിത വീര്യത്തോടെ പോരാട്ടം തുടങ്ങുകയും ചെയ്തതോടെ യുക്രെയ്നിൽനിന്ന് അശുഭകരമായ വാർത്തയ്ക്കു തയാറെടുക്കാൻ നാറ്റോ ചീഫ് ജെൻസ് സ്റ്റോളൻബെർഗ് നാറ്റോ സഖ്യകക്ഷികൾക്കു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കടുത്ത പോരാട്ടം തുടരുന്ന ഡോണേറ്റ്സ്ക് മേഖലയിലെ മാരിയുങ്ക നഗരത്തിന്റെ നിയന്ത്രണം റഷ്യ പൂർണമായും പിടിച്ചെടുത്തു. യുഎസ് അടക്കമുള്ള സഖ്യകക്ഷികളുടെ സഹായം കുത്തനെ കുറഞ്ഞതോടെ ഏതു നിമിഷവും യുക്രെയ്നിയൻ പ്രതിരോധം തകർന്നടിഞ്ഞേക്കുമെന്ന ആശങ്കയും ഉയരുന്നു. 23 മാസം പിന്നിടുന്ന യുദ്ധത്തിനിടെ 2023 ഡിസംബർ 30ന് യുക്രെയ്നിനു നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ മിസൈൽ ആക്രമണം യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും തലസ്ഥാനമായ കീവിനെയും വിറപ്പിച്ചുകഴിഞ്ഞു. 2023ലെ മഞ്ഞുകാലത്ത് ബാഖ്മുത്തിനായി പോരാട്ടം നടത്തിയ റഷ്യൻ സൈന്യം ഇക്കുറി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് ഡോണേറ്റ്സ്ക് മേഖലയിലെ അവ്ദിവ്കയാണ്. യുക്രെയ്നിന്റെ പ്രതിരോധക്കോട്ടയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെടുന്ന അവ്ദിവ്കയെ മൂന്നു വശത്തുനിന്ന് വളഞ്ഞ റഷ്യ, സാവകാശം മുന്നേറ്റവും തുടങ്ങി.