രാജനെ അടിക്കാനോങ്ങി, വാതിൽ പൊളിക്കാൻ നോക്കി, നേരെ കോടതിയിൽ ചെന്നു; വയനാടിനെ വിറപ്പിക്കുന്ന ‘ ബ്ലാക്ക് മാൻ’
Mail This Article
ജനുവരി 21ന് കാടിറങ്ങിയ ഒരു കരടിയുണ്ട് വയനാട്ടിൽ. ഒരു നഗരസഭയിലും 3 പഞ്ചായത്തിലും ഭീതി പരത്തി കറങ്ങി നടന്ന് ഇടയ്ക്ക് ഒന്നു മുങ്ങിയപ്പോൾ നാട്ടുകാർ ആശ്വസിച്ചെങ്കിലും അടുത്തദിവസം അർധരാത്രിയോടെ ബത്തേരി കോടതിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രധാനകവാടത്തിലൂടെ കോടതിക്ക് അകത്തേക്കു കയറിയ കരടി പിൻവശത്തെ ഗെയ്റ്റിലൂടെ പുറത്തേക്കിറങ്ങി. ഗെയ്റ്റിനോടു ചേർന്നുള്ള വൈദ്യുതവിളക്ക് തകർക്കുകയും ചെയ്തു. കോളിയാടി, വലിയവട്ടം, ചെറുമാട് തുടങ്ങി പല സ്ഥലങ്ങളിലും അതിനു ശേഷവും കരടിയെത്തി. പല സിസിടിവി ക്യാമറകളിലും കരടി നടന്നുപോകുന്നതു പതിഞ്ഞിട്ടുണ്ട്. ആദ്യം കാടിറങ്ങിയ കരടി തന്നെയാകാമിതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ കരടിയെ എവിടെയും കണ്ടതായി റിപ്പോർട്ടില്ലെങ്കിലും ഏതുനിമിഷവും കൺമുന്നിലേക്കു കരടി ചാടിവരാം എന്ന ആശങ്കയിലാണു വയനാട്ടുകാർ ഇപ്പോഴും പുറത്തിറങ്ങിനടക്കുന്നത്.