വന്ദേ ഭാരത് ‘കുതിപ്പിൽ’ നിക്ഷേപകർക്കും ലാഭം; ഈ ഓഹരികൾക്ക് കേന്ദ്രത്തിന്റെ ‘ഗാരന്റി’: എങ്ങനെ പണം കൊയ്യാം?
Mail This Article
ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.