യൂലിയ പറഞ്ഞത് വലിയ അപകടം: നവൽനിയെ പിന്തുടർന്നത് പുട്ടിന്റെ ‘ഡെത്ത് സ്ക്വാഡ്’: ആ 5 കൊലയാളികളെ അയച്ചതാര്?
Mail This Article
തിരഞ്ഞെടുപ്പ് നടത്തിയതിനു പിന്നാലെ റഷ്യയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ ചെയർമാൻ വ്‌ളാഡിമിർ പുട്ടിനെ സന്ദർശിച്ചു. ചെയർമാൻ: സർ, നല്ല വാർത്തയും മോശം വാർത്തയുമുണ്ട്. ആദ്യം ഏതു കേൾക്കാനാണ് താൽപര്യപ്പെടുന്നത്? പുട്ടിൻ: മോശം വാർത്ത. ചെയർമാൻ: സർ, കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി 75% വോട്ട് നേടി. പുട്ടിൻ: അയ്യോ... അങ്ങനെയാണോ... എന്താണ് നല്ല വാർത്ത? ചെയർമാൻ: സർ, താങ്കൾക്ക് 76% വോട്ട് കിട്ടി. പഴയ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്നതാണ് കമ്യൂണിസ്റ്റ് ഫലിതങ്ങൾ. അത്തരം ഫലിതങ്ങളിൽ ഒന്നാണ് ഇതും. ഭരണാധികാരികളെ എതിർക്കാനുള്ള അവകാശം നഷ്ടപ്പെട്ട ഒരു ജനത പരിഹാസത്തിലൂടെയാണ് പോംവഴി കണ്ടെത്തിയിരുന്നത്. കമ്യൂണിസ്റ്റ് ഏകാധിപത്യം മാറി 2000ത്തിൽ പുട്ടിന്റെ അടിച്ചമർത്തൽ ഭരണം വന്നതോടെ തമാശകൾ പിന്നെയും വർധിച്ചു. എന്നാൽ റഷ്യയിലെ തിരഞ്ഞെടുപ്പിന്റെ കാര്യം പരിശോധിച്ചാൽ ഇതൊരു തമാശയല്ല എന്നു മനസ്സിലാകും. റഷ്യയിൽ തിരഞ്ഞെടുപ്പു ക്രമക്കേടും പുട്ടിന്റെ ജയവും ആരെയും അദ്ഭുതപ്പെടുത്താറില്ല. റഷ്യയിൽ മാത്രമല്ല, ആവശ്യപ്പെട്ടാൽ മറ്റു രാജ്യങ്ങളിലും ക്രമക്കേട് നടത്താൻ പുട്ടിനും സംഘവും തയാറാണ്. അതിന് ഉദാഹരണങ്ങളുമുണ്ട്. 2012ൽ തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയപ്പോൾ അപ്രതീക്ഷിതമായി അലക്സി നവൽനി എന്ന ചെറുപ്പക്കാരന്റെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായി. ആ എതിർപ്പിനെയും തുടച്ചുനീക്കിയാണ് രാജ്യത്ത് പുട്ടിൻ 2024ല്‍ തിരഞ്ഞെടുപ്പ് നടത്താൻ പോകുന്നത്. പുട്ടിൻ വോട്ടുകളാണ് മോഷ്ടിക്കുന്നത്. അതേസമയം ജനങ്ങളുടെ ഹൃദയമാണ് നവൽനി കവർന്നത്. സമീപകാല റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ, ഉജ്വലനായ പോരാളി. നവൽനിയുടെ കൊലപാതകത്തോടെ സ്വാതന്ത്ര്യവും ജനാധിപത്യവും ഉള്ള രാജ്യത്ത് ജീവിക്കാമെന്ന റഷ്യക്കാരന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്.