എത്ര അകലെയാവണം അടുപ്പം? - ബി.എസ്.വാരിയർ എഴുതുന്നു
Mail This Article
‘ക്ഷണമില്ലാതെ എത്ര തവണയും ചെല്ലാവുന്ന വീട്, നിങ്ങളുടെ സാന്നിധ്യവും അച്ഛനമ്മമാരുടെ മുഖത്തോട്ടുള്ള നോട്ടവും പരമാനന്ദം പകരുന്ന വീട്, ചെല്ലാതിരുന്നാൽ ഉടമയുടെ ഹൃദയം വേദനിക്കുന്ന വീട്’ എന്നെല്ലാം അച്ഛനമ്മമാരുടെ വീടിനെ വാഴ്ത്തുകയാണ് ‘പേരന്റ്സ് ഹൗസ്’ എന്ന ചെറുകവിതയിൽ പ്രശസ്ത ലെബനീസ്–അമേരിക്കൻ കവി ഖലീൽ ജിബ്രാൻ (1883–1931). അതുവഴി അതിരില്ലാത്ത ഹൃദയബന്ധത്തെയും ജിബ്രാൻ സൂചിപ്പിക്കുന്നു. പക്ഷേ, ഇതേ ജിബ്രാൻതന്നെ ‘ഓൺ മാര്യേജ്’ എന്ന കവിതയിൽ ദാമ്പത്യബന്ധത്തിൽ പാലിക്കേണ്ട ബന്ധത്തെപ്പറ്റി പറയുന്നതു കേൾക്കുക. ‘പരസ്പരം സ്നേഹിക്കുക, പക്ഷേ സ്നേഹബന്ധനം വേണ്ട. നിങ്ങളുടെ ആത്മാക്കളുടെ തീരങ്ങൾക്കിടയിൽ ചലിക്കുന്ന സമുദ്രമാവട്ടെ സ്നേഹം. പരസ്പരം കപ്പുനിറച്ചുകൊടുക്കുക; പക്ഷേ ഒരേ കപ്പിൽനിന്നു കുടിക്കേണ്ട’. പൗരസ്ത്യസംസ്കാരം ഇതു പൂർണമായി അംഗീകരിക്കുന്നില്ലെന്നതു മറ്റൊരു കാര്യം.