ഇലക്ടറൽ ബോണ്ട്: ഇടതുപാർട്ടികൾ കൊത്താത്തതോ ആരും പണം നൽകാത്തതോ! കേരളത്തിലുണ്ട് മറ്റു ‘വഴി’കൾ
Mail This Article
സുപ്രീം കോടതി ആദ്യം കണ്ണുരുട്ടുകയും പിന്നെ വടിയെടുക്കുകയും ചെയ്തതോടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ സ്ഥാപനങ്ങളുടെയും അത് സംഭാവനയായി സ്വീകരിച്ച് പണമാക്കി മാറ്റിയ രാഷ്ട്രീയകക്ഷികളുടെയും മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിർബന്ധിതരായി. ഇതോടെ ആദർശരാഷ്ട്രീയത്തിന്റെ മേൽമുണ്ട് പുതച്ചുനിന്ന പല കക്ഷികളും നടുറോഡിൽ വച്ച് ഉടുതുണിയുരിഞ്ഞ സ്ഥിതിയിലായി. ചിലർ ന്യായവാദങ്ങൾ നിരത്തി, മറ്റുള്ളവർ മിണ്ടാതിരുന്നു. ഇതിനിടെ, മുഖംപൊത്തി ചിരിച്ചുകൊണ്ട് ഒരു ചെറിയവിഭാഗം മാറിനിന്നു. അവരാണ് ഇന്ത്യയിലെ ഇടതുപാർട്ടികൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കയ്യിൽനിന്ന് പാർട്ടി പത്രത്തിനു വേണ്ടി രണ്ടു പതിറ്റാണ്ട് മുൻപ് രണ്ടു കോടി രൂപ സംഭാവന വാങ്ങുകയും വിവരം പുറത്തറിഞ്ഞപ്പോൾ അത് ബോണ്ട് ആയിരുന്നുവെന്നും പിന്നീടു തിരികെ നൽകിയെന്നു പ്രഖ്യാപിക്കുകയും ചെയ്ത സിപിഎമ്മിനെയാണ് ഇത്തരത്തിലുള്ള വിഭവസമാഹരണത്തിൽ ഗുരുസ്ഥാനത്തു കാണേണ്ടത്. ബിജെപിക്കു പോലും ബോണ്ട് എന്ന ആശയം കിട്ടിയത് സിപിഎമ്മിൽ നിന്നാവണം. എന്നിട്ടും രാഷ്ട്രീയ പാർട്ടികൾക്കു വ്യവസ്ഥാപിതമായി സംഭാവന സ്വീകരിക്കാനുള്ള മാർഗമായി ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ എന്തുകൊണ്ട് അതു വേണ്ടെന്നു തീരുമാനിച്ചു? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ ആര്, ആർക്കൊക്കെ വൻതുക സംഭാവന നൽകും എന്നാലോചിക്കേണ്ടിവരും.