ഭാര്യ അത്ര പോരാ
Mail This Article
ഓഫിസ് ജോലിയും രണ്ടു കുട്ടികളെ നോക്കുന്നതടക്കം വീട്ടുജോലിയും കൃത്യതയോടെ ചെയ്യുന്ന ഭാര്യയെക്കുറിച്ച് ഭർത്താവിനു വെറുതേയങ്ങു തോന്നുകയാണ് ‘ഭാര്യ അത്ര പോരാ’. ജോലി ബിസിനസാണെന്നു പറയുകയും ചീട്ടുകളിയും കറങ്ങിനടക്കലും അല്ലാതെ മറ്റൊന്നും ചെയ്യാതെ ജീവിതം പാഴാക്കുന്ന താൻ, കർമനിരതയായ ഭാര്യയെക്കാൾ മേലെയാണെന്നു ഭർത്താവിനു തീർച്ച! ഇതു വീട്ടുകാര്യം. പലപ്പോഴും കലഹത്തിനു തുടക്കം. സമൂഹത്തിലും ഈ മനോഭാവം സാധാരണം. ബാങ്ക്ജോലിയിൽ താഴത്തെ തലത്തിൽ രണ്ടു കൊല്ലം ജോലി തികയ്ക്കുമ്പോഴേക്കും ചിലർക്കു തോന്നും, എന്റെയത്ര ബാങ്കുകാര്യങ്ങൾ മറ്റാർക്കും അറിയില്ലെന്ന്. ബാങ്കിങ് എന്നത് അതിസങ്കീർണമായ സാമ്പത്തികപ്രവർത്തനമെന്നു തിരിച്ചറിയാതെ, ആ വിശാലകാൻവാസിന്റെ ഒരു മൂല മാത്രം കഷ്ടിച്ചു കണ്ടവൻ ഈ രംഗത്തെ വിദഗ്ധനാണു താനെന്നു വിശ്വസിച്ച് അന്യരെ മനസ്സിൽ താഴ്ത്തിക്കെട്ടുന്നു. വലിയ തിരക്കുള്ള കച്ചവടക്കാരന്റെ മൊബൈൽ ഫോൺ കൂടെക്കൂടെ പണിമുടക്കുന്നു. കടയിൽ വന്ന കോളജ് അധ്യാപകനോട് അയാൾ ഇക്കാര്യം പറഞ്ഞു. അധ്യാപകൻ പ്രതികരിച്ചു, ‘തന്റെ കോളൊന്നും അത്ര പ്രധാനമല്ലല്ലോ. എന്റെ കാര്യം അങ്ങനെയാണോ? എന്റെ ഫോണും ഇടയ്ക്കു നിന്നുപോകുന്നു. ഞാൻ കമ്പനിക്കു പരാതി അയയ്ക്കാൻ പോകുകയാണ്’. ബിസിനസ്കാര്യങ്ങൾക്ക് എത്രയോ പേരുമായി നിരന്തരസമ്പർക്കം പുലർത്തേണ്ട കച്ചവടക്കാരന്റെ കോളുകൾ നിസ്സാരം, തന്റെ ഫോണിലെ കോളുകളെല്ലാം മഹനീയം!