ADVERTISEMENT

അര ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ കൈമാറുമ്പോള്‍ ഇനി മുതല്‍ നിങ്ങള്‍ ബാങ്കില്‍ വിവരം അറിയിച്ചിരിക്കണം. അല്ലെങ്കില്‍ ചെക്ക്് മടങ്ങിയേക്കാം. ചെക്കുകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ആര്‍ ബി ഐ കൊണ്ടുവന്ന പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാങ്കുകളുടെ പുതിയ തീരുമാനം. 2021 ജനവരി 21 ആണ് ആര്‍ ബി ഐ ഇത് കൊണ്ടുവന്നത്. ഉയര്‍ന്ന മൂല്യമുള്ള ചെക്ക് നല്‍കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍- പേര്, അക്കൗണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, തുക, തീയതി- എന്നിവ നെറ്റ്,മൊബൈല്‍ ബാങ്കിങ് വഴിയോ ബാങ്ക് ശാഖയില്‍ നേരിട്ടോ നല്‍കണമെന്നാണ് പുതിയ ചട്ടം പറയുന്നത്.

വിവരങ്ങള്‍ ഒത്തു നോക്കും

ചെക്ക് നല്‍കുന്നയാള്‍ ബാങ്കില്‍ നല്‍കുന്ന വിവരങ്ങള്‍ ഒത്തു നോക്കിയാകും ഇനി മുതല്‍ പണം നല്‍കുക. അതുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ നല്‍കുമ്പോള്‍ നിശ്ചയമായും ഇത് ചെയ്യേണ്ടതുണ്ട്. നിലവില്‍ പല ബാങ്കുകളും ഈ സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ബാങ്കുകള്‍ ഈ ചട്ടം കര്‍ശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി അക്കൗണ്ടുടമകള്‍ക്ക്് ബാങ്കുകള്‍ സന്ദേശമയക്കുന്നുണ്ട്.

അധിക സുരക്ഷ ലക്ഷ്യം

രാജ്യത്ത് ചെക്ക് തട്ടിപ്പ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിന് തടയിടാനാണ് ഈ അധിക സുരക്ഷാ ചട്ടം ആര്‍ ബി ഐ നിഷ്‌കര്‍ഷിക്കുന്നത്. ചെക്ക് ലഭിച്ച ആള്‍ അത് പണമാക്കുന്നതിന് ബാങ്കിനെ സമീപിക്കുമ്പോള്‍ അക്കൗണ്ടുടമ നല്‍കിയ വിവരങ്ങളുമായി ഇത് ഒത്തു നോക്കും. ചെക്കിലേതും അക്കൗണ്ടുടമ കൈമാറിയതുമായ വിവരങ്ങള്‍ ഒന്നാണെന്ന് ഉറപ്പു വരുത്തി മാത്രം പണം നല്‍കുന്നു. ഇതോടെ ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാമെന്നാണ് ആര്‍ ബി ഐ കരുതുന്നത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് ഇത് ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്. അതു പോലും അക്കൗണ്ടുടമകളുടെ വിവേചനാധികാരത്തിന് വിധേയമായിട്ടാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ 5 ലക്ഷം രൂപയിക്ക് മുകളിലാണ് ചെക്ക് എങ്കില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

English Summary : More Banks Implementing Positive Pay System from September1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com