ADVERTISEMENT

ദാമോദരൻ സാർ ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററാണ്. അദ്ദേഹത്തിന്റെ മകളുടെ ഒരു ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കാൻ അദ്ദേഹം മാജിക്‌ ബ്രിക്‌സിൽ പരസ്യം കൊടുത്തു. ഫ്ലാറ്റ് എടുക്കാൻ താല്പര്യം കാണിച്ചു ആർമി ഓഫീസർ എന്ന് പരിചയപ്പെടുത്തി ഒരാൾ മാസ്റ്റർക്ക് ഫോൺ ചെയ്തു.  ഒരു മാസത്തെ വാടക അഡ്വാൻസ് വേണമെന്ന് മാസ്റ്റർ ആവശ്യപ്പെട്ടു. ആർമി ഓഫീസർ സമ്മതിച്ചു. എന്നാൽ പണം അയക്കാൻ ആർമിയുടെ നിയമമനുസരിച്ച് ഫ്ലാറ്റിന്റെ ഉടമസ്ഥൻ ആദ്യം പണം ആർമിക്കു അയക്കണം. അത് വാടക അഡ്വാൻസ് സഹിതം തിരിച്ച് അയച്ചു തരും എന്ന് അറിയിച്ചു.  അതനുസരിച്ച് മാസ്റ്ററുടെ മോൾ പണം അയച്ചു കൊടുത്തു.  പിന്നെ ആർമി ഓഫീസറും ഇല്ല വാടകയും ഇല്ല.

സൂരജ് ഇൻസ്റ്റാഗ്രാമിൽ കണ്ട പരസ്യം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്‌ത്‌ പണം നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനം വന്നില്ല. ഒരു ദിവസം സൂരജിന് ഓർഡർ ചെയ്ത കമ്പനിയിൽ നിന്ന് എന്ന് പറഞ്ഞു ഒരാൾ ഫോൺ വിളിച്ചു. ഓർഡർ അയക്കാൻ കഴിഞ്ഞില്ലെന്നും പണം തിരിച്ചയയ്ക്കാൻ അക്കൗണ്ടിന്റെ അവസാനത്തെ മൂന്ന് അക്കങ്ങളും UPI MPINനും കൊടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ കള്ളൻ തനിക്കു ആവശ്യമുള്ള തുക സൂരജിന്റെ അക്കൗണ്ടിൽ നിന്ന്  MPIN ഉപയോഗിച്ച് പോക്കറ്റിലാക്കി.

ഗീത സർക്കാർ ഉദ്യോഗസ്ഥയാണ്.  അവർ ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്.  മറ്റൊരു ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വില്പന ഏജന്റ് അവരുടെ ഓഫീസിൽ വന്നു.  ഒരു കാർഡും കൂടെയാകാമെന്ന് കരുതി ഗീത ആ ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനും അപേക്ഷ നൽകി. നാല് ദിവസം കഴിഞ്ഞപ്പോൾ കാർഡിന് അപേക്ഷിച്ച ബാങ്കിൽ നിന്നാണ് എന്ന് പറഞ്ഞ് ഒരു ഫോൺ വന്നു.  കാർഡിന്റെ അപേക്ഷ പാസ്സായിട്ടുണ്ട്. ഫോര്‍മാലിറ്റികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഒരു SMS അയച്ചിട്ടുണ്ട്.  അതിൽ ഉള്ള ലിങ്ക് തുറന്നു നിലവിലുള്ള കാർഡിന്റെ വിവരങ്ങൾ നൽകണം.  ലിങ്ക് തുറന്നപ്പോൾ ഒരു അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ആയി. ഇത് സ്ക്രീൻ ഷെയറിങ് ആപ്പ് ആയിരുന്നു. തുടർന്ന് കള്ളൻ ആവശ്യമുള്ള തുക എടുത്തു. OTP വന്നതെല്ലാം അപ്പുറത്തു നേരിട്ട് കണ്ട് ആ കാര്യങ്ങളെല്ലാം കള്ളൻ ഭംഗിയായി ചെയ്തു.

ചിത്രം: istockphoto/Deepak Sethi
ചിത്രം: istockphoto/Deepak Sethi

ഡിജിറ്റൽ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഇലക്ട്രോണിക് ബാങ്കിങ് വളരെ വേഗത്തിൽ വളരുന്ന ഈ കാലത്ത് അതുമായി ബന്ധപ്പെട്ട ഇത്തരം കുറ്റകൃത്യങ്ങളും കൂടി വരികയാണ്. ഇടപാടുകാരെ പലരീതിയിൽ സ്വാധീനിച്ച് പണം തട്ടിയെടുക്കുന്ന വ്യക്തികളും സംഘങ്ങളും ഉണ്ട്. ബാങ്കുകളും മറ്റും ഈ കാര്യം മുന്നിൽ കണ്ടു കൊണ്ട് ഇലക്ട്രോണിക് ബാങ്കിങ് സാങ്കേതിക സംവിധാനങ്ങൾക്ക് ആവശ്യമായ സുരക്ഷാ കവചങ്ങൾ നിരന്തരം ശക്തിപ്പെടുത്തുകയാണ്. ഇടപാടുകാരെ ഇക്കാര്യം തുടർച്ചയായി പഠിപ്പിക്കുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നു. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശങ്ങളാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്നത്.

സംശയാസ്പദമായ ഇടപാടുകൾ ഉടൻ ബാങ്കിൽ അറിയിക്കുക 

atm-otp

ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകളുടെ, പ്രത്യേകിച്ച് പണം പുറത്തേക്ക് എടുക്കുന്ന ഇടപാടുകളുടെ, വിവരങ്ങൾ അപ്പപ്പോൾ തന്നെ SMS വഴി ഇടപാടുകാരെ അറിയിക്കണം.  ഇതിന് വേണ്ട SMS അലെർട്ട് ബാങ്കിൽ റജിസ്റ്റർ ചെയ്യുവാൻ ബാങ്ക് ഇടപാടുകാരെ പറഞ്ഞു മനസ്സിലാക്കണം. ഇ മെയിൽ ഉണ്ടെങ്കിൽ അതു വഴിയും ഈ വിവരങ്ങൾ അറിയിക്കണം.  അതിനുവേണ്ട റജിസ്ട്രേഷനും ബാങ്ക് ഇടപാടുകാരെ മനസിലാക്കി ചെയ്യണം. ഏതെങ്കിലും ഇടപാടുകൾ അപ്രതീക്ഷിതമായി തന്റെ സമ്മതമില്ലാതെ നടന്നാൽ ഉടനെ തന്നെ ബാങ്കിൽ അറിയിക്കണം.  ഇത് ബാങ്കിൽ നേരിട്ട് പോയി ചെയ്യേണ്ടതില്ല. ബാങ്ക് നൽകിയിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചു അറിയിച്ചാൽ മതി.  ഇ മെയിൽ വഴിയോ SMS വഴിയോ ബാങ്കിന്റെ വെബ് സൈറ്റിൽ കൂടിയോ  ഇത് ചെയ്യാം.  ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്ന പരാതികൾക്ക് സ്വയം പ്രേരിതമായി തീയതിയും സമയവും കാണിച്ച് രസീതിയും നമ്പറും നൽകണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതു സമയത്തും ഇടപാടുകാരിൽ നിന്ന് ഇത്തരം വിവരങ്ങൾ സ്വീകരിച്ച്‌ വേണ്ട മുൻകരുതലുകൾ എടുക്കുവാനുള്ള സംവിധാനങ്ങൾ ബാങ്കുകൾക്കുണ്ട്.  ബാങ്കിനെ അറിയിക്കാൻ വൈകുന്തോറും നഷ്ടം കൂടാനുള്ള സാധ്യതയും കൂടും.  

ഇടപാടുകാരുടെ അറിവോടെയല്ലെങ്കിൽ പണം തിരിച്ചുകിട്ടും 

ഇടപാടുകാരുടെ അറിവോടെയല്ലാതെ നടക്കുന്ന ഒരു തട്ടിപ്പിനും ഇടപാടുകാർ ഉത്തരവാദികളല്ല എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.  അങ്ങനെ സംഭവിച്ചാൽ ഇടപാടുകാർക്ക് ഉണ്ടായ നഷ്ടം നികത്തി ക്കൊടുക്കുവാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. എന്നാൽ അറിവില്ലായ്മ മൂലമോ അശ്രദ്ധ കാരണമോ ഇടപാടുകാർ ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകൾ നടക്കുവാൻ സഹായിക്കുന്ന വിധം മറ്റൊരാൾക്ക് തന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പാസ് വേർഡ്,  OTP എന്നീ  വിവരങ്ങൾ നൽകുകയോ ചെയ്തതുമൂലം സംഭവിക്കുന്ന നഷ്ടങ്ങൾക്കു ബാങ്ക് ഉത്തരവാദിയല്ല. എന്നാൽ ഈ വിവരം ബാങ്കിൽ അറിയിച്ചാൽ പിന്നീടുണ്ടായേക്കാവുന്ന നഷ്ടം ബാങ്ക് വഹിക്കണം. വീഴ്ചയോ തെറ്റോ ഇടപാടുകാരുടെ ഭാഗത്താണെങ്കിൽ അത് തെളിയിക്കുവാനുള്ള ഉത്തരവാദിത്തം ബാങ്കിനാണ്.

Mobile-Banking-copy

സമയം വൈകരുത് 

ഇടപാടുകാർക്ക് പണം നഷ്ടപ്പെട്ടത് ബാങ്കിന്റെ ഭാഗത്തുള്ള വീഴ്‌ചയോ തെറ്റോ ആണെകിൽ ആ നഷ്ടം പൂർണമായും നികത്തുവാൻ ബാങ്കിനാണ് ഉത്തരവാദിത്തം.  ഇത്തരം സാഹചര്യത്തിൽ ഇടപാടുകാർ ഈ വിവരം ബാങ്കിനെ അറിയിച്ചാലും ഇല്ലെങ്കിലും ഇടപാടുകാർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.  ചില അവസരങ്ങളിൽ വീഴ്ചയോ തെറ്റോ ബാങ്കിന്റെയോ ഇടപാടുകാരുടെയോ ആവില്ല.  മറ്റെവിടെയെങ്കിലും ആകാം തെറ്റ് സംഭവിച്ചത്.  അങ്ങനെയുള്ള അവസരത്തിൽ വ്യാജ ഇടപാട് നടന്ന വിവരം അറിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ ഇടപാടുകാർ ആ വിവരം ബാങ്കിൽ അറിയിക്കണം.  അങ്ങനെ അറിയിച്ചാൽ ഇടപാടുകാരുടെ നഷ്ടം മുഴുവനായി നികത്തിക്കിട്ടും.  നാല് മുതൽ ഏഴു ദിവസങ്ങൾക്കുള്ളിലാണ് ബാങ്കിൽ അറിയിക്കുന്നതെങ്കിൽ ഇടപാടുകാർക്ക് ഉണ്ടായ നഷ്ടം മുഴുവനും നികത്തി കിട്ടില്ല. ചില നിബന്ധനകൾക്ക് വിധേയമായി നഷ്ട പരിഹാര തുക, സംഭവിച്ച നഷ്ടമോ പരമാവധി 25000 രൂപയോ ആയിരിക്കും.  ഏഴു ദിവസം കഴിഞ്ഞാണ് ബാങ്കിനെ അറിയിക്കുന്നതെങ്കിൽ നഷ്ടം നികത്താൻ ബാങ്കിന് ഉത്തരവാദിത്തമില്ല; ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് ഓരോ ബാങ്കിനും യുക്തമായ തീരുമാനം എടുക്കാവുന്നതാണ്.  

തട്ടിപ്പുകാരിലേക്കുള്ള വാതിലുകൾ തുറക്കരുത് 

ഇലക്ട്രോണിക് ബാങ്കിങ്ങിന്റെ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ ശ്രദ്ധയും മുൻകരുതലും എടുക്കുക. ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പരിചയപ്പെടുന്നവരുമായി പണമിടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തുക. അപരിചിതരിൽ നിന്നും വരുന്ന ഫോൺ വിളികൾ അനുസരിച്ചു ബാങ്ക് ഇടപാടുകൾ നടത്താതിരിക്കുക.  SMS വഴിയോ Whatsapp വഴിയോ ലഭിക്കുന്ന ലിങ്കുകളിൽ പൂർണ ബോധ്യമില്ലാതെ ക്ലിക്ക്  ചെയ്യരുത്.  ഗൂഗിൾ, ഫേസ്ബുക്,  ഇൻസ്റ്റാഗ്രാം  മുതലായ പൊതു ഇടങ്ങളിൽ നിന്നും കിട്ടുന്ന ഫോൺ നമ്പരുകൾ ചിലപ്പോൾ തെറ്റാകാം.  ഇത് തട്ടിപ്പുകാരിലേക്ക് തുറക്കുന്ന വാതിലുകളാവാമെന്ന് അറിയുക. 

ആദ്യം പറഞ്ഞ മൂന്ന് സാഹചര്യങ്ങളിലും ഇടപാടുകാർ ആവശ്യമായ ശ്രദ്ധ കൊടുക്കാതെ പണം അയച്ചുകൊടുക്കുകയോ, ഇലക്ട്രോണിക് ബാങ്കിങ്ങിന്റെ പാസ്സ്‌വേർഡ്, MPIN, OTP, കാർഡ് വിവരങ്ങൾ  എന്നിങ്ങനെയുള്ള കാര്യങ്ങൾ കള്ളന് കൊടുക്കുകയോ ചെയ്തു.  തീർച്ചയില്ലാത്ത ലിങ്ക് ഓപ്പൺ ചെയ്ത് പുലിവാല് പിടിച്ചു. ഇതിലൊന്നിലും ബാങ്ക് നഷ്ടം നികത്തി തരില്ല. അതിനാൽ ഇലക്ട്രോണിക് ബാങ്കിങ്ങിൽ ആവശ്യമായ ശ്രദ്ധയും മുൻകരുതലും എടുക്കുക.    

ലേഖകൻ ബാങ്കിങ് ധനകാര്യ വിദഗ്ദ്ധനാണ് ലേഖകൻ

English Summary : Be Careful While Doing Financial Transactions Electronically

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com