ADVERTISEMENT

വീടു പണിക്ക് ഇഷ്ടികയിറക്കിയതിന്റെ തുക അയക്കാൻ നോക്കിയതാണ് സുരേന്ദ്രൻ. ഗൂഗിൾ പേ തകരാറു കാണിക്കുന്നു. ബാങ്കിന്റെ ആപ്പ് നോക്കിയപ്പോൾ അതിലും തകരാറ്. പരിചയക്കാരനായ ബാങ്കുദ്യോഗസ്ഥനെ വിളിച്ചപ്പോൾ കെവൈസി പുതുക്കാത്തതുകൊണ്ടാവാം, ബാങ്കിലൊന്നു വിളിച്ചു നോക്കൂ എന്നായിരുന്നു മറുപടി. 

ബാങ്കിൽ വിളിച്ചപ്പോൾ സുരേന്ദ്രൻ ഞെട്ടിപ്പോയി! 

അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണത്രെ. ഫ്രീസ് എന്നു പറഞ്ഞാൽ ഇടപാടുകൾ മരവിപ്പിക്കുക എന്നർഥം.  

വീടു പണിക്ക് സൊസൈറ്റിയിൽ നിന്നെടുത്ത എട്ടുലക്ഷം രൂപ അക്കൗണ്ടിൽ കിടക്കുന്നു. അതിൽ നിന്ന് ഒരു ചില്ലിക്കാശു പോലും എടുക്കാനാവില്ല എന്നറിഞ്ഞപ്പോൾ സുരേന്ദ്രന് ആധിയായി. ഇഷ്ടികക്കാരനും കോൺട്രാക്ടർക്കുമൊക്കെ പണം കൊടുക്കാനുണ്ട്. എന്തുചെയ്യും? 

എന്താണു സംഭവിച്ചത്? 

ബാങ്കിൽ നേരിട്ടു ചെന്നപ്പോഴാണ് താൻ പെട്ട കുരുക്കിന്റെ ആഴം സുരേന്ദ്രന് മനസിലായത്. ആരോ ഒരാൾ എവിടെ നിന്നോ സുരേന്ദ്രന്റെ അക്കൗണ്ടിലേക്ക് ഏഴായിരം രൂപ അയച്ചിട്ടുണ്ട്. അയാൾക്കെതിരെ വേറെ ഒരാൾ സൈബർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  

പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് സുരേന്ദ്രന്റെ അക്കൗണ്ടിലേക്കു പൈസ അയച്ച ആളുടേയും അയാളുടെ അക്കൗണ്ടിൽ നിന്ന് പണം പോയിരിക്കുന്ന ആളുകളുടേയും അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശിച്ച അടിസ്ഥാനത്തിലാണ് ബാങ്ക് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത്. 

തന്റെ അക്കൗണ്ടിലേക്ക് ഏഴായിരം രൂപ അയച്ചയാളെ തനിക്ക് പരിചയമില്ല എന്നു സുരേന്ദ്രൻ പറഞ്ഞുനോക്കി. കൂടാതെ, ആ ഏഴായിരം രൂപ തിരികെ എടുത്തുകൊള്ളാനും സുരേന്ദ്രൻ അപേക്ഷിച്ചു. പക്ഷേ, സൈബർ സെല്ലിന്റെ നിർദ്ദേശപ്രകരമാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നതിനാൽ ബാങ്കിന് ഒന്നും ചെയ്യാനാവില്ലായിരുന്നു. സൈബർ സെല്ലുമായി ബന്ധപ്പെടാനാണ് ബാങ്ക് നിർദ്ദേശിച്ചത്. 

എന്താണു യഥാർത്ഥത്തിൽ സംഭവിച്ചത്? 

ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട് ഒത്തിരി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ആളുകളെ പറ്റിച്ചു കൈക്കലാക്കുന്ന തുക എടിഎം വഴി പിൻവലിക്കുകയോ വാലറ്റുകളിലേക്കു മാറ്റുകയോ ഒക്കെ ചെയ്യുന്നതായിരുന്നു പതിവ്.  

എന്നാൽ എടിഎം/ വാലറ്റ് തുടങ്ങിയവയിലൂടെ മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. തട്ടിപ്പിലൂടെ കൂടുതൽ തുക ലഭിക്കാൻ തുടങ്ങിയപ്പോൾ തട്ടിപ്പുകാർ മറ്റു മാർഗങ്ങൾ അവലംബിക്കാൻ തുടങ്ങി. അതിലൊന്നാണ് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റി വെളുപ്പിച്ചെടുക്കുന്ന രീതി. 

157619625

ഈ രീതി വ്യാപകമായതോടെ, തട്ടിപ്പുകാരുടെ അക്കൗണ്ടു മാത്രമല്ല പ്രസ്തുത അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നിർദ്ദേശം സൈബർ സെൽ ബാങ്കുകൾക്കു നൽകിത്തുടങ്ങി. 

തട്ടിപ്പിന്റെ ഭാഗമാണോ സുരേന്ദ്രൻ? 

നാട്ടിൻപുറത്ത് ചെറിയ പലചരക്കു കട നടത്തി മാന്യമായി ജീവിക്കുന്ന സുരേന്ദ്രൻ തട്ടിപ്പുകാരനല്ല. പക്ഷേ ഒരു തട്ടിപ്പുകാരന്റെ പങ്കുപറ്റിയ ആൾ എന്ന നിലയിലാണ് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത്. 

ഊരും പേരുമറിയാത്ത ഒരാൾ തന്റെ അക്കൗണ്ടിലേക്ക് ഒരു കാരണവുമില്ലാതെ അയച്ച പണം തിരിച്ചെടുക്കണമെന്നും അതു സാധ്യമല്ലെങ്കിൽ ഏഴായിരം രൂപ മാത്രമായി മരവിപ്പിച്ച് വീടു പണിയ്ക്കു വേണ്ടിയെടുത്ത വായ്പാതുകയുൾപ്പെടെയുള്ള ബാക്കി തുക തനിക്കു ലഭ്യമാക്കണമെന്നും  സൈബർ പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിനെ തുടർന്ന് സുരേന്ദ്രന്റെ അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കാൻ ബാങ്കിന് നിർദ്ദേശം ലഭിച്ചു. നിലവിൽ ഏഴായിരം രൂപ മാത്രമാണ് അക്കൗണ്ടിൽ മരവിപ്പിച്ചിരിക്കുന്നത്.   

നമുക്കുള്ള പാഠം: 

അക്കൗണ്ടിലെ ഇടപാടുകളെക്കുറിച്ച് ജാഗരൂകരായിരിക്കുക എന്നതാണ് ഇത്തരം പ്രയാസങ്ങളൊഴിവാക്കാനുള്ള പ്രധാന പ്രതിവിധി. നമുക്കു ലഭിക്കേണ്ടതല്ലെന്നു ബോധ്യമുള്ള തുക അക്കൗണ്ടിൽ വരവു വെച്ചതായി കണ്ടാൽ ഉടനടി ബാങ്കിനെ രേഖാമൂലം അറിയിച്ച് അയച്ചയാളുടെ അക്കൗണ്ടിലേക്കു തന്നെ തിരികെ അയക്കാൻ നിർദ്ദേശിക്കുക. ഇങ്ങനെ ചെയ്താൽ അക്കൗണ്ട് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാവുന്നതാണ്. ഇക്കാലത്ത് ഇടപാടുകളെല്ലാം ഓൺലൈനായതിനാൽ നിർബന്ധമായും ഇടയ്ക്കിടയ്ക്ക് അക്കൗണ്ടിലെ ഇടപാടു വിശദാംശങ്ങൾ പരിശോധിച്ചു ബോധ്യപ്പെടുകയും വേണം.

English Summary : Beware about Bank Account Transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com