ഇനി വായ്പയും യുപിഐയിലൂടെ
Mail This Article
ഡിജിറ്റൽ പണമിടപാടുരംഗത്ത് വിപ്ലവം സൃഷ്ടിച്ച യുപിഐ ഇനി വായ്പാ രംഗത്തേക്കും. യുപിഐയിലൂടെ വിനിയോഗിക്കാവുന്ന രീതിയിൽ ഒരു നിശ്ചിത തുക ബാങ്കുകൾക്ക്, മുൻകൂർ വായ്പയായി ഉപഭോക്താക്കൾക്ക് അനുവദിക്കാം. ഇത് ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ലോൺ ആപ്പുകളുടെ ഉപയോഗവും തട്ടിപ്പും നിയന്ത്രിക്കാനും ഇത് സഹായകമാവും.
ഈ മാസം ഏപ്രിൽ ആറിന് നടന്ന യോഗത്തിലാണ് യുപിഐയിലൂടെ വായ്പ നൽകാമെന്ന (Pre-Approved loan) നിർദേശം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചത് റൂപെ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിച്ചതിന് പിന്നാലെയാണ് ആർബിഐയുടെ പുതിയ നീക്കം.. പണമിടപാടിനായി കേന്ദ്രസർക്കാർ ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ് യുപിഐ.
യുപിഐ വായ്പയുടെ നേട്ടം
ഗൂഗിൾ പേ അടക്കം യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാകുമെന്നാണ് അറിയുന്നത്. നിലവിൽ ബാങ്കുകൾ അവരുടെ വെബ്സൈറ്റുകൾ വഴി അനുവദിക്കുന്ന ഓൺലൈൻ വായ്പകളിൽ നിന്നും വ്യത്യസ്തമാകും യുപിഐ വായ്പ. ഫ്ലിപ്കാർട്ട് അടക്കമുള്ള ആപ്പുകൾ ബൈ നൗ പേ ലേറ്ററിനായി മുൻകൂറായി ഒരു തുക അനുവദിക്കുന്നതിന് സമാനമായിരിക്കും യുപിഐ വായ്പ. ബൈ നൗ പേ ലേറ്ററിൽ കമ്പനികൾ പ്രീ അപ്രൂവ്ഡ് വായ്പകളാണ് നൽകുന്നത്. ശേഷം അത് ഇഎംഐ ആയി തിരിച്ച് ഈടാക്കും. ഈ രീതി തന്നെയാവും യുപിഐയിലൂടെ വായ്പ അനുവദിക്കുമ്പോൾ ബാങ്കുകളും പിന്തുടരുക. ഓരോരുത്തരുടെയും സാമ്പത്തിക നില പരിശോധിച്ചാവും ബാങ്കുകൾ വായ്പ പരിധി നിശ്ചയിക്കുക.
ഓൺലൈനിലൂടെ വായ്പ നൽകുന്ന ആപ്പുകൾക്ക് നിലവിൽ വലിയ പ്രചാരമാണ്. എന്നാൽ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തൽ, സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവയാണ് ഇത്തരം ആപ്പുകൾ. യുപിഐയിലൂടെ വായ്പ ലഭ്യമാവുന്നതോടെ ലോൺ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാൻ സാധിച്ചേക്കും. ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താനാവും. യുപിഐയിലൂടെ ബാങ്കുകൾ നേരിട്ട് നൽകുന്ന വായ്പയായത് കൊണ്ട് മറ്റ് സുരക്ഷാ പ്രശ്നങ്ങൾക്കും സാധ്യതയില്ല.
English Summary: RBI allows banks to offer pre-approved credit on UPI