ഒരു മാസത്തിനുള്ളിൽ യുഎസ് ട്രഷറി കാലിയാകുമോ? യോഗം വിളിച്ച് ബൈഡന്‍
Mail This Article
കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ ജൂണ്‍ ഒന്നോടെ പണം തീരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍. നിലവില്‍ 31.4 ട്രില്യണ്‍ ഡോളറാണ് സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി. ഇത് ഉയര്‍ത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ തിരിച്ചടവുകള്‍ മുടങ്ങിയേക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മെയ് 9ന് യോഗം വിളിച്ചിട്ടുണ്ട്.
ചെലവുചുരുക്കല്‍ അനിവാര്യമോ?
കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനെ അനുകൂലിക്കണമെങ്കില്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കണെമന്നാണ് പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍സിന്റെ ആവശ്യം. യുഎസ് ചേംബര്‍ ഓഫ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും ചെലവുചുരുക്കല്‍ നടപടികള്‍ക്ക് പ്രസിഡന്റിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. യുഎസ് സര്‍ക്കാര്‍ ചരിത്രത്തില്‍ ഇതുവരെ തിരിച്ചടവുകളില്‍ വീഴ്ച വരുത്തിയിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ആഗോളതലത്തില്‍ രാജ്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നാണ് ബിസിനസ് ഗ്രൂപ്പുകളുടെ ആശങ്ക.
1970ന് ശേഷം ഇതുവരെ 78 തവണയാണ് കടമെടുപ്പ് പരിധി യുഎസ് ഉയര്‍ത്തിയിട്ടുള്ളത്. തീരുമാനം എടുക്കാന്‍ വൈകിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ട്രഷറി സെക്രട്ടറി ചൂണ്ടിക്കാട്ടി. ജൂണ്‍ ആദ്യം ട്രഷറിയിലെ പണം തീര്‍ന്നേക്കാമെന്ന കോണ്‍ഗ്രഷണല്‍ ബഡ്ജറ്റ് ഓഫീസിന്റെ റിപ്പോര്‍ട്ട് വന്ന അതേ ദിവസം തന്നെയാണ് ജാനെറ്റ് യെല്ലനും മുന്നറിയിപ്പ് നല്‍കിയത്.
യുഎസ് സമ്പദ് വ്യവസ്ഥയുടെ ഭാവി
ഈ വര്‍ഷം യുഎസ് സമ്പദ് വ്യവസ്ഥ 1.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ് ) വിലയിരുത്തല്‍. അതേ സമയം 2024ല്‍ വളര്‍ച്ച 1.1 ശതമാനമായി കുറയും. വികസിത രാജ്യങ്ങളില്‍ 90 ശതമാനത്തിന്റെയും വളര്‍ച്ച ഈ വര്‍ഷം ഇടിയുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ട്.
English Summary : US Treasury may Run Out of Cash by June 1st
ഇന്ത്യന്‍ സമയം ഇന്ന് രാത്രി പലിശ നിരക്ക് ഉയര്‍ത്തല്‍ സംബന്ധിച്ച് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തീരുമാനം എടുക്കും. വര്‍ധനവ് തുടര്‍ന്നാല്‍ രാജ്യത്തെ പലിശ 16 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. പലിശ ഉയരുന്നത് ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയേക്കും. രണ്ടുമാസത്തിനിടെ മൂന്ന് യുഎസ് ബാങ്കുകളാണ് തകര്‍ന്നത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെപി മോര്‍ഗന്‍ ചേയ്‌സ് ഏറ്റെടുത്ത് കൊണ്ടുമാത്രം ബാങ്കിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നാണ് വിലയിരുത്തല്‍. ഇന്നലെ ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി, നാസ്ഡാക് ഇന്‍ഡക്‌സുകള്‍ നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.