ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ അത്ര ശുഭമല്ല കാര്യങ്ങള്‍. റേറ്റിങ് ഏജന്‍സികള്‍ അടുത്തിടെ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്നതാണ്. 10ഓളം യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ്ങാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് താഴ്ത്തിയിരിക്കുന്നത്. മാത്രമല്ല നിരവധി വലിയ ബാങ്കുകളുടെ ക്രെഡിറ്റ് സ്ഥിതി പരിശോധിച്ചുവരികയാണെന്നും മൂഡീസ് വ്യക്തമാക്കി. 

ബാങ്കുകള്‍ പ്രതിസന്ധിയില്‍

ഏകദേശം 27 ബാങ്കുകളുടെ നിലവാര നിര്‍ണയ സ്ഥിതിയില്‍ മൂഡീസ് മാറ്റം വരുത്തിയിട്ടുണ്ട്. എം ആന്‍ഡ് ടി ബാങ്ക്, പിന്നക്കിള്‍ ഫിനാന്‍ഷ്യല്‍ പാര്‍ട്ണേഴ്സ്, പ്രോസ്പരിറ്റി ബാങ്ക്, ബിഒകെ ഫിനാന്‍ഷ്യല്‍ കോര്‍പ്പ് തുടങ്ങിയ പ്രധാന ബാങ്കുകളുടെയെല്ലാം റേറ്റിങ് ഡൗണ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്. ബിഎന്‍വൈ മെല്ലന്‍, യുഎസ് ബാന്‍കോര്‍പ്പ്, സ്റ്റേറ്റ് സ്ട്രീറ്റ്, ട്രൂയിസ്റ്റ് ഫിനാന്‍ഷ്യല്‍ തുടങ്ങിയ ബാങ്കുകള്‍ വൈകാതെ ഡൗണ്‍ഗ്രേഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. 

us-bank-3-

മൂഡീസിന് പിന്നാലെ ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പിയും അഞ്ച് അമേരിക്കന്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചു. രണ്ട് ബാങ്കുകളെ റിസ്‌ക് കാറ്റഗറിയിലും ഉള്‍പ്പെടുത്തി. അമേരിക്കയിലെ ഏറ്റവും വലിയ 20ാമത്തെ ബാങ്കായ കി കോര്‍പ്പിനെയും എസ് ആന്‍ഡ് പി ഡൗണ്‍ഗ്രേഡ് ചെയ്തു എന്നതാണ് ശ്രദ്ധേയം. മറ്റൊരു റേറ്റിങ് ഏജന്‍സിയായ ഫിച്ചും അമേരിക്കന്‍ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയ്ക്ക് മേല്‍ ചോദ്യചിഹ്നമുയര്‍ത്തിയിട്ടുണ്ട്. 

ചോരുന്ന വിശ്വാസം

ഈ വര്‍ഷം ആദ്യമായിരുന്നു അമേരിക്കയിലെ പ്രധാന ബാങ്കുകളില്‍ ഉള്‍പ്പെടുന്ന സിലിക്കണ്‍ വാലി ബാങ്കും സിഗ്‌നേച്ചര്‍ ബാങ്കും തകര്‍ന്നത്. അമേരിക്കന്‍ ബാങ്കിങ് മേഖലയുടെ വിശ്വാസ്യതയെ കാര്യമായി ബാധിച്ച സംഭവമായിരുന്നു ഇത്. തലപ്പത്തിരിക്കുന്നവരുടെ ഉറപ്പ് ലഭിച്ചിട്ടും നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥയായിരുന്നു സംജാതമായത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു മൂഡീസ് കാപ്പിറ്റല്‍ വണ്‍, സിറ്റിസണ്‍സ് ഫിനാന്‍ഷ്യല്‍, ഫിഫ്ത്ത് തേര്‍ഡ് ബാന്‍കോര്‍പ്പ് തുടങ്ങി നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ റേറ്റിങ് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവിലേക്ക് താഴ്ത്തിയത്. 

us-bank-2-

ബാങ്കിങ് പ്രതിസന്ധിയെ അമേരിക്ക ഭയക്കണം

2022ലായിരന്നു സാമ്പത്തിക നൊബേലിന്റെ ചരിത്രത്തില്‍ ആദ്യമായി ബാങ്കുകളുടെ പരാജയത്തെക്കുറിച്ചും പ്രതിസന്ധിയെക്കുറിച്ചും പഠിച്ച വിദഗ്ധര്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്. ബാങ്കുകള്‍ തകരുന്നത് ഒരു രാജ്യത്തിലെ സാമ്പത്തിക മാന്ദ്യം എത്രമാത്രം രൂക്ഷമാക്കുമെന്ന് ബോധ്യപ്പെടുത്തിയതിനായിരുന്നു അത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ മുന്‍തലവന്‍ ബെന്‍ ബെര്‍ണാന്‍കി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ് വിഗ് എന്നീ  സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കായിരുന്നു നൊബേല്‍ ലഭിച്ചത്. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുമെല്ലാമാണ് സാമ്പത്തിക ശാസ്ത്രത്തിലെ പരമോന്നത പുരസ്‌കാരം ഇവര്‍ക്ക് ലഭിച്ചത്.

1930കളിലെ മഹാമാന്ദ്യത്തെകുറിച്ചുള്ള പഠനമായിരുന്നു ബെര്‍നാന്‍കിയുടെ കണ്ടെത്തലിലെ വഴിത്തിരിവ്. മഹാമാന്ദ്യം നയപരമായ ഉത്തേജന പാക്കേജുകളുടെ അഭാവത്തിന്റെ ഫലമാണെന്നാണ് പൊതുവെയുള്ള കാഴ്ച്ചപ്പാട്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെട്ട മഹാ സാമ്പത്തിക മാന്ദ്യം 1929 ഒക്‌റ്റോബര്‍ 29ന് തുടങ്ങി 1940കളുടെ ആദ്യം വരെ നീണ്ടു. തകര്‍ച്ച ഇത്രയും കാലം നീണ്ടുനില്‍ക്കാന്‍ കാരണം ബാങ്കുകളുടെ പരാജയമാണെന്നായിരുന്നു ബെര്‍ണാന്‍കിയുടെ കണ്ടെത്തല്‍. സാമ്പത്തിക ഞെരുക്കം ബാങ്കുകളുടെ പരാജയത്തിനും കാരണമായി. ഇതോടെ ബാങ്കുകള്‍ക്ക് വായ്പ കൊടുക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കാന്‍ പറ്റിയില്ല. പരാജയപ്പെട്ടൊരു ബാങ്കിങ് സംവിധാനം ശരിയായി വരാന്‍ വര്‍ഷങ്ങളെടുക്കും, അതുവരെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയും പരിതാപകരമാകും-ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ നിഗമനങ്ങള്‍. 

usfed

ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അദ്ദേഹത്തിന്റെ പഠനം വെളിച്ചം നല്‍കിയത്. അതേസമയം ഡയമണ്ടിന്റെയും ഡിബ് വിഗിന്റെയും പഠനങ്ങള്‍ വ്യക്തമാക്കിയതാകട്ടെ എന്തുകൊണ്ടാണ് ബാങ്കുകള്‍ തകരുന്നതെന്നായിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ പൈസ പിന്‍വലിക്കാനെത്തിയാല്‍ ബാങ്കുകള്‍ തകരുമെന്നായിരുന്നു ഇവരുടെ നിഗമനം. അത് സംഭവിക്കാതിരിക്കാന്‍ നടപടികളും നയങ്ങളും സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നായിരുന്നു നിര്‍ദേശങ്ങള്‍.

അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളിലൊന്നായ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയായിരുന്നു 2008ലെ സാമ്പത്തിക മാന്ദ്യത്തിനും തുടക്കം കുറിച്ചത്. ഇതുകൊണ്ടെല്ലാം തന്നെ ബാങ്കിങ് മേഖലയുടെ തകര്‍ച്ച അമേരിക്കയ്ക്ക് എന്നും സാമ്പത്തിക മാന്ദ്യത്തിന്റെ ദുസ്വപ്നങ്ങളാണ് സമ്മാനിക്കുന്നത്. 

ഇന്ത്യന്‍ ബാങ്കുകളുടെ തിരിച്ചുവരവ്

bank-3-

അതേസമയം സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലും നിയന്ത്രണ ഏജന്‍സികളുടെ കാര്യപ്രാപ്തിയും മൂലം ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന്റെ അടിത്തറ ശക്തമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പാപ്പരത്ത നിയമം ഉള്‍പ്പടെയുള്ള പരിഷ്‌കരണങ്ങള്‍ ബാങ്കിങ് മേഖല ശക്തിപ്പെടുന്നതില്‍ നിര്‍ണായകമായി. കഴിഞ്ഞ ദിവസം പുറത്തുവന്ന പൊതുമേഖല ബാങ്കുകളുടെ ജൂണ്‍ പാദ ഫലങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തില്‍ 178.24 ശതമാനം വര്‍ധനയാണുണ്ടായത്. 16,884 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുന്‍പാദങ്ങളില്‍ പ്രതീക്ഷ പകരാതിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭത്തില്‍ 307 ശതമാനം വര്‍ധനയാണുണ്ടായത്. 

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി, ലയനത്തിന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏഴാമത്തെ സ്വകാര്യ ബാങ്കായി മാറിയിരുന്നു.

English Summary : American Banks are Down Grading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com