ADVERTISEMENT

അംഗീകരിക്കാൻ പാടാണെങ്കിലും ഹോട്ടൽ, ടൂറിസം, ട്രാവൽ പോലെ സേവന മേഖലയിലുള്ള മറ്റൊരു വ്യവസായമാണ് ബാങ്കിങും.  ലഭിക്കുന്ന സേവനങ്ങൾക്ക് ബാങ്കുകൾ ആവശ്യപ്പെടുന്ന വില നൽകേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ വളരെ ചുരുക്കം ചില സേവനങ്ങൾക്ക് ഒഴികെ എല്ലാത്തരം സേവനങ്ങൾക്കും പലിശയായോ, ചാർജ് ആയോ, ഫീസ് ആയോ ബാങ്കുകൾ വില ഈടാക്കുന്നുണ്ട്.  അതിനാൽ ഏതൊരു സേവനവും ബാങ്കിൽ നിന്ന് ആവശ്യപ്പെടുമ്പോൾ അതിന് ചാർജ് ഉണ്ടോ, ഫീസ് ഉണ്ടോ, ഉണ്ടെങ്കിൽ എത്ര, എങ്ങനെ ഈടാക്കും എന്ന് ചോദിക്കണം.  

ബാങ്ക് അക്കൗണ്ടുകൾ - നിക്ഷേപങ്ങൾ

സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് എന്നിവ തുടങ്ങുന്നതിന് ഇപ്പോൾ ബാങ്കുകൾ ഫീസ് വാങ്ങുന്നില്ല.

∙എന്നാൽ ഡെബിറ്റ് കാർഡ് നൽകുമ്പോൾ കാർഡ് ഇഷ്യൂ ചാർജ് ഈടാക്കും.  ഈ ചാർജ് ഓരോ അക്കൗണ്ടിനും ഓരോ തരം കാർഡിനും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് വാർഷിക ചാർജ് ഉണ്ട്  (Annual maintenance charge - AMC). 

∙അക്കൗണ്ടിൽ കുറഞ്ഞത് ഇത്ര തുകയെങ്കിലും എപ്പോഴും ഉണ്ടായിരിക്കണം എന്ന നിബന്ധന മിക്കവാറും എല്ലാതരം അക്കൗണ്ടിനും കാണും.  ഇങ്ങനെ കുറഞ്ഞ തുക വെക്കണമെങ്കിൽ അത് എത്രയാണ് എന്ന് അക്കൗണ്ട് തുടങ്ങുന്ന സമയം തന്നെ മനസ്സിലാക്കണം. 

∙അക്കൗണ്ടിൽ നിബന്ധനപ്രകാരമുള്ള കുറഞ്ഞ തുകയെങ്കിലും എല്ലായ്‌പോഴും വെക്കാതിരുന്നാൽ, അതിന് മാസം തോറും ചാർജ് ഈടാക്കും.ഈ ചാർജ് ഈടാക്കാൻ അക്കൗണ്ടിൽ പണമില്ലെങ്കിൽ, എപ്പോഴാണോ അക്കൗണ്ടിൽ പണം വരുന്നത് അപ്പോൾ എടുക്കും. 

∙റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം അക്കൗണ്ടിൽ നടക്കുന്ന ചിലതരം ഇടപാടുകളെ കുറിച്ച് അപ്പപ്പോൾ തന്നെ ഇടപാടുകാരെ SMS വഴി അറിയിച്ചുകൊണ്ടിരിക്കണം. ഇങ്ങനെ നിർബന്ധമില്ലാത്ത ഇടപാടുകളുടെയും വിവരങ്ങൾ SMS വഴി ഇടപാടുകാരെ ബാങ്കുകൾ അറിയിക്കുന്നുണ്ട്. 

∙ഒരാളുടെ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകൾ ഉടനെ തന്നെ അറിയാനും, ഏതെങ്കിലും ഇടപാടുകൾ തെറ്റായി അല്ലെങ്കിൽ കള്ളത്തരത്തിൽ നടക്കുന്നുണ്ടെങ്കിൽ അതിന് വേണ്ട നടപടികൾ എടുക്കാനും ഇത് സഹായിക്കും. എന്നാൽ ഈ വിധം SMS അയക്കുന്നതിന് ബാങ്കുകൾ ചാർജ് ചെയ്യും. 

∙ബാങ്കുകളുടെ ഉത്പന്നങ്ങളെയോ, സേവനങ്ങളെയോ സംബന്ധിച്ച് ബാങ്കുകൾ സ്വമേധയാ അയക്കുന്ന SMS കൾക്ക് ഈ  വിധം ചാർജ് ഈടാക്കാൻ പാടില്ലെന്ന് മാത്രമേ റിസർവ് ബാങ്ക് നിർദ്ദേശമുള്ളൂ.  അതിനാൽ അത്തരം SMS കൾക്ക് ചാർജ് എടുക്കില്ല. 

∙ഓരോ തരം അക്കൗണ്ടുകളിലും സൗജന്യമായി നടത്താവുന്ന ഇടപാടുകളുടെ എണ്ണത്തിന് പരിധിയുണ്ടാവും.  അത് എത്രയെന്ന് മനസ്സിലാക്കണം.  ഈ പരിധി വിട്ടു കൂടുതൽ ഇടപാടുകൾ നടത്തിയാൽ ഫോളിയോ ചാർജ് അല്ലെങ്കിൽ അക്കൗണ്ട് മെയിന്റനൻസ് ചാർജ് എന്ന രീതിയിൽ ബാങ്കുകൾ ചാർജ് ചെയ്യുന്നുണ്ട്. 

∙ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ ATM വഴി പണം എടുത്താൽ ചാർജ് വരും (മൂന്ന് മുതൽ അഞ്ച് വരെയുള്ള അത്തരം ഉപയോഗങ്ങൾക്ക് ചാർജ് എടുക്കാത്ത ബാങ്കുകൾ ഉണ്ട്). ഡെബിറ്റ് കാർഡ് കളഞ്ഞ് പോയാൽ പുതിയ കാർഡിന് ചാർജ് കൊടുക്കണം. 

∙നിശ്ചിത പരിധിക്കു കൂടുതൽ ക്യാഷ് ബാങ്കിൽ അടച്ചാൽ അതിന് ക്യാഷ് ഹാൻഡ്‌ലിങ് ചാർജ് എടുക്കും. ചെക്ക് കളക്ഷനും പണം അയയ്ക്കുന്നതിനും ചാർജ് കൊടുക്കണം.

∙ചെക്ക് ബുക്കിനു ചാർജ് ഉണ്ട്.  അഞ്ച് ലീഫുള്ള ചെക്ക് ബുക്ക്, പത്തു ലീഫുള്ള ചെക്ക് ബുക്ക് എന്നിവക്ക് ആദ്യത്തെ തവണ, അല്ലെങ്കിൽ വർഷത്തിൽ ഒരു തവണ എന്നിങ്ങനെ ചാർജ് എടുക്കാത്ത ബാങ്കുകൾ ഉണ്ട്. 

∙മറ്റൊരാൾക്ക് കൊടുത്ത ചെക്ക് പാസാക്കാതിരിക്കാൻ ബാങ്കിൽ നൽകുന്ന സ്റ്റോപ്പ് പേയ്മെന്റ് (stop payment) അപേക്ഷക്ക്‌ ചാർജ് ഉണ്ട്. 

∙എന്തെങ്കിലും ആവശ്യത്തിന് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റ്  പ്രിന്റ് വേണമെങ്കിൽ അതിനു ചാർജ് കൊടുക്കണം.  ചില ബാങ്കുകൾ ഇതിൽ കുറച്ച് ഇളവുകൾ നൽകാറുണ്ട്. 

∙ബാങ്കിൽ നിന്ന് ഒപ്പു സാക്ഷ്യപ്പെടുത്തി വാങ്ങണമെങ്കിലോ മറ്റേതെങ്കിലും സർട്ടിഫിക്കറ്റുകൾ വേണമെങ്കിലോ ചാർജ് നൽകേണ്ടിവരും.  

English Summary : Different Type of Charges for Banking Services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com