ADVERTISEMENT

എത്രയോ നാളുകളായി നാം ചെക്കെഴുതി ബാങ്കിൽ നിന്ന് പണമെടുക്കുന്നു; മറ്റൊരാളാൾക്ക് ചെക്ക് കൊടുക്കുന്നു. അതിനാൽ ചെക്ക് എഴുതുന്നത് എങ്ങനെയെന്നും ചെക്കിന്റെ ഉപയോഗം എന്തെന്നും മിക്കവർക്കും അറിയാം. എന്നാലും നാം കൊടുത്ത ചെക്ക് ചില കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ മടക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇക്കാര്യത്തെ ചൊല്ലി ബാങ്കുകളും ഇടപാടുകാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുമുണ്ട്. അതിനാൽ ലളിതമെങ്കിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെക്കിനെ പറ്റി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

നിങ്ങൾക്ക് ജോയിന്റ് അക്കൗണ്ടുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ കാശിന്റെ കാര്യത്തിൽ കുഴങ്ങും Read more...

ചെക്കിൽ എന്തെല്ലാമുണ്ട്?

ബാങ്കിൽ സേവിങ്സ് ബാങ്ക് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് ഉള്ള ഇടപാടുകാർ ബാങ്കിൽ നിന്ന് സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കുന്നതിനോ അല്ലെങ്കിൽ മറ്റൊരാൾക്ക് പണം നൽകുന്നതിനോ ആണ് ചെക്ക് ഉപയോഗിക്കുക. ബാങ്കിൽ നിന്ന് ലഭിക്കുന്ന ചെക്ക് ബുക്ക് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ചെക്കിൽ അക്കൗണ്ടുള്ള ബാങ്കിന്റെ പേരും മറ്റു വിവരങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ടാകും. കൂടാതെ ചെക്ക് നമ്പർ, MICR കോഡ്, ബാങ്കിന്റെ IFS കോഡ്, ഇടപാടുകാരന്റെ പേര്, അക്കൗണ്ട് നമ്പർ എന്നിവ മുൻകൂറായി പ്രിന്റ് ചെയ്താണ് വരിക.  

1027037210

ചെക്കിന്റെ കാലാവധി

ചെക്കിന്റെ മുകൾ ഭാഗത്ത് വലതു വശത്താണ് തീയതി എഴുതുക. ചെക്കിൽ എഴുതിയിരിക്കുന്ന തീയതി മുതൽ മൂന്ന് മാസമാണ് ചെക്കിന്റെ കാലാവധി.  മൂന്നുമാസം കഴിഞ്ഞ ചെക്കിനെ സ്റ്റെയ്ൽ ചെക്ക് (പഴകിയ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ ചെക്ക്) എന്ന് പറയും.  ഇത്തരം ചെക്കുകൾ പിന്നെ പാസാക്കില്ല.  ഇടപാടുകാരന് വേണമെങ്കിൽ ഈ തീയതി പുതുക്കി എഴുതാം.  അങ്ങനെ പുതുക്കി എഴുതിയാൽ ആ തീയതി മുതൽ മൂന്നുമാസത്തേക്ക് ചെക്കിന്റെ ആയുസ് നീട്ടിക്കിട്ടും.  പഴയ തീയതി വെട്ടി പുതിയ തീയതി എഴുതുകയാണ് ചെയ്യുക.  അങ്ങനെ എഴുതിയതിന് ശേഷം വെട്ടി എഴുതിയ സ്ഥലത്ത് ഇടപാടുകാരൻ ഒപ്പിടണം. 

ഇപ്പോൾ വെട്ടും തിരുത്തും ഉള്ള ചെക്കുകൾ ക്ലിയറിങ് സംവിധാനത്തിൽ, പ്രത്യേകിച്ച് ചെക്ക് ട്രങ്കേഷൻ (cts) സംവിധാനത്തിൽ, സ്വീകരിക്കില്ല.  ചെക്കിൽ ഒരു തിരുത്തും പാടില്ല. അതിനാൽ ഒരു തവണ എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, അല്ലെങ്കിൽ മേൽ പറഞ്ഞ രീതിയിൽ തീയതി മാറ്റി എഴുതണമെങ്കിൽ, പുതിയ ചെക്ക് എഴുതുന്നതാണ് നല്ലത്. പഴയത് കീറിക്കളയാം. 

തീയതി എഴുതാതെ ചെക്ക് നൽകിയാൽ അത് പൂർണമായും ചെക്കായി പരിഗണിക്കില്ല. ചില അവസരങ്ങളിൽ വരാനിരിക്കുന്ന ഏതെങ്കിലും തീയതിയാവും ചെക്കിൽ എഴുതുക. ആ സമയത്തേ ചെക്ക് മാറി കൊടുക്കാവൂ എന്നാണ് അതിനർത്ഥം. ഇങ്ങനെ ഭാവിയിലെ തീയതി ഉള്ള ചെക്കിനെ post dated ചെക്ക് എന്നാണ് പറയുന്നത്. തീയതിയാകാത്ത ചെക്കുകൾ ബാങ്കുകൾ പാസ്സാക്കില്ല.  

ആർക്കാണ് പണം നൽകുക?

മധ്യഭാഗത്തായി Pay അല്ലെങ്കിൽ Pay to എന്ന് എഴുതിയ സ്ഥലത്താണ് ആർക്കാണ് ബാങ്ക് പണം നൽകേണ്ടത് എന്ന് എഴുതേണ്ടത്.  പണം സ്വയം എടുക്കാനാണെങ്കിൽ സ്വന്തം പേരെഴുതാം. അല്ലെങ്കിൽ സെൽഫ് (self) എഴുതിയാലും മതി.

തുക എങ്ങനെ എഴുതണം?

1141690695

അതിന് താഴെ Rupees എന്നെഴുതിയ സ്ഥലത്ത് തുക അക്ഷരത്തിൽ എഴുതണം. തുക ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിൽ അവസാനം only എന്ന് കൂടെ ചേർക്കണം. മലയാളത്തിലാണെങ്കിൽ ഒടുവിൽ മാത്രം എന്ന് ചേർക്കണം. ഇതെല്ലാം വ്യക്തമായി, സുഗമമായി വായിക്കാവുന്ന രീതിയിൽ അക്ഷരത്തെറ്റില്ലാതെ വേണം എഴുതുവാൻ.  

ചെക്കിന്റെ മധ്യഭാഗത്ത് വലതു വശത്താണ് തുക അക്കത്തിൽ എഴുതേണ്ടത്.  തുക എഴുതിക്കഴിഞ്ഞാൽ /- എന്ന് ചേർക്കണം.  പൈസയും ചേർത്താണ് തുകയെങ്കിൽ /- എന്ന് ചേർക്കേണ്ടതില്ല.  തുക അക്കത്തിലുള്ളതും അക്ഷരത്തിലുള്ളതും ഒന്നായിരിക്കണം. ഇതിൽ മാറ്റമുണ്ടെങ്കിൽ ചെക്ക് പാസ്സാക്കില്ല.  ഇത്തരം അവസരത്തിൽ അക്ഷരത്തിലുള്ള തുക പാസ്സാക്കുന്നതിൽ തെറ്റില്ല എന്ന് ഒരു കീഴ് വഴക്കമുണ്ട്.  എന്നാൽ അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.  അതിനാൽ തുക രണ്ടു രീതിയിലും തെറ്റില്ലാതെ എഴുതണം.  

ഒപ്പിൽ മാറ്റം വന്നാൽ

bank-cheque

ചെക്കിന്റെ അടിവശത്ത് വലതു ഭാഗത്താണ് ഒപ്പിടാനുള്ള ഇടം.  അവിടെ ഇടപാടുകാരന്റെ പേര് എഴുതിയിട്ടുണ്ടാകും.  പേരെഴുതിയതിന് മുകൾ വശത്തായി ഒപ്പിടാം.  ഓരോ തവണയും ഒപ്പിടുമ്പോൾ ആ ഒപ്പ് ബാങ്കിൽ നൽകിയത് പോലെ തന്നെ എന്ന് ഉറപ്പുവരുത്തണം.  ധൃതിപ്പെട്ടോ അശ്രദ്ധയാലോ ഒപ്പിട്ടാൽ അത് ബാങ്കിൽ ആദ്യമേ നൽകിയിരിക്കുന്ന ഒപ്പുമായി സാമ്യമില്ലാതെ വരും.  അങ്ങനെയെങ്കിൽ ആ ചെക്ക് ബാങ്ക് പാസ്സാക്കുകയില്ല.  ആരുടേയും ഒപ്പ് കാലക്രമേണ ചെറിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കും.  അങ്ങനെ മാറ്റം വരുമ്പോൾ ഏറ്റവും പുതിയ ഒപ്പ് ബാങ്കിൽ നൽകി അത് കംപ്യൂട്ടറിൽ രേഖപ്പെടുത്തണം. 

ഇടപാടുള്ള ശാഖയിൽ  നേരിട്ട് ചെന്ന് ചെക്ക് മാറുമ്പോൾ ഒപ്പിൽ നേരിയ മാറ്റമുണ്ടെങ്കിലും പരിചയം വെച്ച് ഒരു പക്ഷെ ചെക്ക് മാറി പണം തന്നേക്കാം.  എന്നാൽ ബാങ്കിന്റെ മറ്റൊരു ശാഖയിലാണ് ചെക്ക് നൽകുന്നതെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.  അവർ കംപ്യൂട്ടറിലുള്ള ഒപ്പുമായാണ് ഒത്തുനോക്കുക. മറ്റൊരാൾക്ക് നൽകിയിരിക്കുന്ന ചെക്ക് അയാൾ തന്റെ ബാങ്കുവഴി മാറിയെടുക്കാൻ കൊടുക്കുമ്പോൾ അത് ക്ലിയറിങ് സംവിധാനം വഴിയാണ് മാറുക. അവിടെയും കംപ്യൂട്ടറിലുള്ള ഒപ്പാണ് നോക്കുക. ചെറിയ മാറ്റമുണ്ടെങ്കിൽ പോലും ചെക്ക് പാസ്സാക്കില്ല. അതിനാൽ ബാങ്കിൽ ആദ്യം നൽകിയ ഒപ്പ് മാറിയിട്ടുണ്ട് എങ്കിൽ പുതിയ ഒപ്പ് ബാങ്കിൽ നൽകുവാൻ ശ്രദ്ധിക്കുക.  പ്രായമാകുമ്പോഴോ മറ്റെന്തെങ്കിലും കാരണത്താലോ ചിലപ്പോൾ ഒപ്പിടാൻ സാധിക്കാതെ വന്നാൽ വിരലടയാളം പതിച്ചും ചെക്ക് നൽകാൻ കഴിയും.  ഇത് ബാങ്കിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന് മാത്രം. ഇടത് കയ്യിലെ തള്ളവിരലടയാളമാണ് സാധാരണയായി ചെക്കിൽ പതിക്കുക.

628069208

ചെക്കിൽ പേര് എഴുതിയ ആൾ അല്ലാതെ മറ്റൊരാൾക്ക് തുക നൽകുമോ?  

Pay എന്നെഴുതിയ സ്ഥലത്ത് ചെക്ക് മാറി പണം നൽകേണ്ട ആളുടെ പേര് എഴുതിയതിന് ശേഷം അവിടെ or bearer എന്ന് പ്രിന്റ് ചെയ്തിരിക്കുന്നത്  കാണാം.  ഇതിനർത്ഥം ഇവിടെ പേര് എഴുതിയിരിക്കുന്ന ആൾക്കോ അല്ലെങ്കിൽ ഈ ചെക്കുമായി വരുന്നയാൾക്കോ തുക നൽകുക എന്നാണ്. ഇങ്ങനെയുള്ള ചെക്കിനെ bearer ചെക്ക് എന്നാണ് പറയുന്നത്. ഇത്തരം ചെക്കുകൾ ആരാണോ ബാങ്കിൽ കൊണ്ടുവന്ന് നൽകുന്നത് അവർക്ക് പണം നൽകിയാൽ ബാങ്കിന്റെ ഉത്തരവാദിത്തം തീരും. 

ചെക്ക് കളഞ്ഞു പോയി മറ്റൊരാളാൾക്ക് കിട്ടിയെന്നിരിക്കട്ടെ. അങ്ങനെ കിട്ടിയ ആൾക്ക് നിയമപരമായി ആ ചെക്കിനോ അതിലുള്ള തുകക്കോ അർഹത ഇല്ലെങ്കിലും അയാൾ ആ ചെക്ക് ബാങ്കിൽ കൊണ്ട് വന്നു നൽകി പണം ആവശ്യപ്പെട്ടാൽ ബാങ്ക് അയാൾക്ക് പണം നൽകും.  അതിന് ബാങ്കിനെ അധികാരപ്പെടുത്തുന്ന നിയമമാണ് ഇത്തരം കാര്യങ്ങളെ നിശ്ചയിക്കുന്നത് (Negotiable Instruments Act, 1882). ഈ നിയമപ്രകാരം ചെക്ക് ഒരു നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആണ്. ഇങ്ങനെ കളഞ്ഞു കിട്ടിയ ചെക്ക് ഒരാൾ മാറിയെടുത്താൽ അത് സംബന്ധിച്ച് ചെക്കിന്റെ യഥാർത്ഥ ഉടമസ്ഥന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതിന് അത് മറ്റു നിയമ മാർഗ്ഗങ്ങൾ തേടാവുന്നതാണ്.  ചെക്ക് മാറി പണം കൊടുത്തു എന്നത് കൊണ്ടുമാത്രം ബാങ്കിനെതിരെ നിയമ നടപടികൾ നിലനിൽക്കില്ല എന്ന് സാരം.

ഇത് ഒഴിവാക്കണമെങ്കിൽ ചെക്കിൽ ഉള്ള bearer എന്ന വാക്ക് ഒരു വരവരച്ച് വെട്ടിയിട്ടാൽ മതി.  അപ്പോൾ അത് order ചെക്ക് ആയി മാറും. order ചെക്ക് മാറി കൊടുക്കുമ്പോൾ പണം സ്വീകരിക്കുന്നയാളിന്റെ ഐഡന്റിറ്റി ബാങ്ക് മനസ്സിലാക്കണമെന്നാണ്. മാത്രമല്ല ചെക്കിൽ പേര് എഴുതിയിരിക്കുന്ന ആൾ ചെക്കിന്റെ പുറകിൽ പേരെഴുതി ഒപ്പിടുകയും വേണം.  ഇങ്ങനെ ചെക്കിന്റെ പുറകിൽ ഒപ്പിടുന്നതിനെ എൻഡോഴ്‌സ്‌മെന്റ് (endorsement) എന്നാണ് പറയുക.  ചെക്കിൽ പേരെഴുതിയിരിക്കുന്ന ആൾ മറ്റൊരാൾക്കു ആ ചെക്ക് കൊടുത്തു എന്നർത്ഥം.  ആർക്കാണ് കൊടുക്കുന്നത് എന്ന് വേണമെങ്കിൽ ചെക്കിന്റെ പുറകിൽ എഴുതി ഒപ്പിടാം. അങ്ങനെ എഴുതിയാൽ ആ ചെക്ക് ആ ആൾക്ക് മാത്രമേ മാറി കൊടുക്കൂ. ഈ വിധം ഒരാളുടെ പേരെഴുതിയോ മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ എഴുതിയോ ആണ്  ചെക്കിന്റെ പുറകിൽ ഒപ്പിട്ട് നൽകുന്നതെങ്കിൽ അതിനെ സ്പെഷ്യൽ എൻഡോഴ്‌സ്‌മെന്റ് (special endorsement) എന്ന് പറയും.      

cheque

ചുവന്ന മഷികൊണ്ട് ചെക്ക് എഴുതാമോ?

ചെക്ക് നീല മഷിയുള്ള ബാൾ പേനകൊണ്ട് എഴുതുന്നതാണ് നല്ലത്. കറുത്ത മഷിയിൽ മറ്റു വിവരങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്ന ചെക്കിൽ നീല മഷിയിൽ എഴുതുന്നത് എളുപ്പം വായിക്കാൻ കഴിയും.  ബാൾ പേനയാവുമ്പോൾ എളുപ്പം മാഞ്ഞു പോകില്ല.  കറുത്ത ബാൾ പേന ഉപയോഗിച്ചാലും തെറ്റില്ല. എന്നാൽ ചുവപ്പ്, പച്ച എന്നീ നിറങ്ങളിൽ എഴുതരുത്. പെൻസിൽ കൊണ്ട് ചെക്ക് എഴുതരുത് എന്ന് നിയമമൊന്നും ഇല്ല.  എന്നാൽ പെൻസിൽ കൊണ്ടെഴുതിയത് എളുപ്പം മായ്ച്ചു കളയാം എന്നുള്ളതുകൊണ്ടും, മാറ്റിയെഴുതാം എന്നുള്ളതുകൊണ്ടും  പെൻസിൽ ഒഴിവാക്കുന്നതാണ് നല്ലത്.  ഈ വിധ ബുദ്ധിമുട്ടുകൾ വന്നേക്കാം എന്നതുകൊണ്ട് ബാങ്കുകൾ പൊതുവെ പെൻസിൽ കൊണ്ടെഴുതിയ ചെക്കുകൾ സ്വീകരിക്കാറില്ല. ഇത് സംബന്ധിച്ച പോളിസികൾ ഓരോ ബാങ്കിനും ഉണ്ടാകും.  

ഒരു ചെക്കിൽ രണ്ടു തരം കൈയ്യരക്ഷരങ്ങൾ കണ്ടാലോ, രണ്ടുതരം നിറത്തിലുള്ള പേനകൾ ഉപയോഗിച്ചാലോ, ചെക്കിൽ മാറ്റങ്ങൾ വരുത്തിയിരിക്കാം എന്ന സംശയം ഉണ്ടാക്കും. കള്ളത്തരമില്ലാത്ത ചെക്കാണ് എന്ന് പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ അത്തരം ചെക്കുകൾ ബാങ്കുകൾ പാസ്സാക്കു. അതിനാൽ ഒരു ചെക്കിൽ രണ്ടു തരം കൈയ്യക്ഷരങ്ങളോ മഷിയോ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

സ്റ്റോപ്പ് പേയ്മെന്റ്

ഒരാൾക്ക് ചെക്ക് എഴുതി കൊടുത്തതിന് ശേഷം ആ ചെക്ക് ബാങ്ക് മാറി കൊടുക്കേണ്ടതില്ല എങ്കിൽ ബാങ്കിൽ അത് കാണിച്ച് ഒരു കത്ത് കൊടുത്താൽ മതി.  ഇങ്ങനെ കൊടുക്കുന്ന കത്തിനെ സ്റ്റോപ്പ് പേയ്മെന്റ് (stop payment) എന്നാണ് പറയുന്നത്. സ്റ്റോപ്പ് പേയ്മെന്റ് ചെയ്ത ചെക്ക് ആ നിർദ്ദേശം പിൻവലിക്കാത്തിടത്തോളം കാലം പാസ്സാക്കില്ല.

ചെക്ക് മടങ്ങിയാൽ

ചെക്ക് എഴുതുന്ന സമയത്ത് തന്നെ അത് പാസ്സാക്കാനുള്ള തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരിക്കണം എന്നാണ് നിയമം.  അക്കൗണ്ടിൽ തുക ഇല്ലാതെ ചെക്ക് എഴുതി മറ്റൊരാൾക്ക് നൽകാൻ പാടില്ല. ചെക്ക് ബാങ്കിൽ നൽകുമ്പോൾ, അല്ലെങ്കിൽ, ചെക്ക് ക്ലിയറിങ്ങിൽ എത്തുമ്പോൾ അക്കൗണ്ടിൽ പണം അടച്ചാൽ പോരാ. അക്കൗണ്ടിൽ തുക ഇല്ലാതെ ചെക്ക് മടങ്ങിയാൽ ചെക്ക് നൽകിയ ഇടപാടുകാരൻ ക്രിമിനൽ കുറ്റമാണ് ചെയ്തത്.  രണ്ടു വർഷം വരെ തടവും മറ്റു സാമ്പത്തിക പെനാൽറ്റിയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

English Summary : A to Z Things You Should Know About A Cheque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com